17-08-2018

​ഞങ്ങൾക്കറിയാം അഭിലാഷ് അറസ്റ്റ്‌ ചെയ്യപ്പെടുമെന്ന്, അഭി മാത്രമല്ല ഞങ്ങളിൽ ഓരോരുത്തരും

Editorial | കൊച്ചി


ഞങ്ങൾക്കറിയാം അഭിലാഷ്  അറസ്റ്റ്‌ ചെയ്യപ്പെടുമെന്ന്, അഭി മാത്രമല്ല ഞങ്ങളിൽ ഓരോരുത്തരും അറസ്റ്റ്‌ ചെയ്യപ്പെടുകയോ  ജയിലിലോ തെരുവിലോ കൊല്ലപ്പെടുകയോ ചെയ്യുമെന്നും  ഞങ്ങൾക്കറിയാം. ഞങ്ങളുടെ അറസ്റ്റിനു ശേഷമോ മരണത്തിനു ശേഷമോ നിങ്ങൾ കേൾക്കാൻ പോകുന്ന കഥകളും ഞങ്ങൾക്കറിയാം, 
കാരണം ഞങ്ങൾ വാർത്തകളെ കണ്ടെത്തുന്നു, പിന്നാലെ പിന്തുടർന്ന് ന്യായാന്യായ വിചാരണ ചെയ്യുന്നു, അവസാനം വരെ അത്‌ തുടരാൻ മനസുറപ്പിക്കുകയും ചെയ്തിരിക്കുന്നു. 

ഈ ഫാഷിസ്റ്റ്‌ വാഴ്ചകാലത്ത്‌ ഗൗരി ലങ്കേഷിനെ പോലെ ഒരു ആയുധത്തെ പ്രതീക്ഷിച്ച്‌ തന്നെയാണു ഞങ്ങൾ മാധ്യമപ്രവർത്തനം നടത്തുന്നത്‌.  അവസാന ശ്വാസമെന്നത്‌ അത്രയടുത്ത്‌ ഞങ്ങൾ അനുഭവിച്ചറിയുന്നുണ്ട്‌. ഭയം നിറക്കപ്പെട്ട ചുറ്റുപാടിൽ അന്വേഷണാത്മക മാധ്യമപ്രവർത്തനം എങ്ങനെ ആയിരിക്കുമെന്നും അനുഭവം എന്തായിരിക്കുമെന്നും അറിഞ്ഞ്‌ തന്നെയാണു ഞങ്ങൾ സ്വതന്ത്രമായി ന്യൂസ്പോർട്ട്‌ ആരംഭിച്ചത്‌, നാളിതുവരെ എടുത്ത തീരുമാനങ്ങളോട്‌ നീതി പുലർത്തിയതിനാലാണു അഭി അറസ്റ്റ്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌ എന്ന് ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌. വടയമ്പാടിയിലെ ജാതി മതിലിനെതിരെ സമരം ചെയ്യുന്ന സമര സമിതി പ്രവർത്തകരുടെ സമര പന്തൽ സൂര്യനുദിക്കും മുൻപേ തകർക്കാൻ കള്ളനെ പോലെ എത്തിയ പോലീസ്‌ ഗുണ്ടാ സംഘങ്ങളുടെ ചെയ്തികളെ പുറത്ത്‌ കാണിച്ചതിന്റെ പേരിൽ മാത്രമല്ല അഭി അറസ്റ്റ്‌ ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. ന്യൂസ്പോർട്ട്‌ പിറവി കൊണ്ട നാൾ മുതൽ എടുത്ത നിലപാടുകളുടെ പേരിലാണു അഭി അകത്താക്കപ്പെട്ടിരിക്കുന്നത്‌. 

കേരളത്തിലെ ഭരണ ഉദ്യോഗസ്ഥ പക്ഷം ഒരു വശത്തും നീതിബോധമുള്ള ജനത മറുവശത്തുമായി വന്ന ഹാദിയ കേസിൽ ന്യൂസ്പോർട്ട്‌ നടത്തിയ ഇടപെടലാണു തൃപ്പൂണിത്തുറയിലെ ഘർവ്വാപ്പസി ഇടിമുറിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തെത്തിച്ചത്‌. ഞങ്ങൾ നിരന്തരം അതിന്റെ പേരിൽ ഭീഷണി നേരിടുകയുണ്ടായി. പ്രതീഷ്‌ വിശ്വനാഥ്നെതിരെയും ആർ എസ്‌ എസ്‌ ആയുധ സംഘത്തിനെതിരെയും വാർത്ത നൽകിയതിന്റെ പേരിൽ അന്വേഷണത്തിനെത്തിയ പോലീസ്‌ ഓഫീസർ പറഞ്ഞത്‌ ഞങ്ങൾ രാജ്യത്തിനെതിരെ വാർത്ത നൽകുന്നു എന്നാണു, ഏതാണു ആ വാർത്ത എന്ന ചോദ്യത്തിനു അയാൾ പറഞ്ഞത്‌ ഇതേ ഹാദിയ കേസും ഘർവ്വാപ്പസിയുമൊക്കെയായിരുന്നു. 

രാജ്യത്തെ ഹിന്ദുത്വ തീവ്രവാദത്തിനെതിരെ അവരുടെ ചെയ്തികളേ ഒളിച്ച്‌ കടത്തലുകളേ കലാപശ്രമങ്ങളേ അമിതാധികാരങ്ങളേ സംരക്ഷിക്കപ്പെടുന്ന രീതികളേ എന്നിവയെ കുറിച്ച്‌ വാർത്ത കൊടുക്കുന്നത്‌ രാജ്യദ്രോഹമാണെന്ന് പഠിപ്പിച്ച്‌ തന്ന പോലീസ്‌ ഓഫീസർ പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായിരിക്കുന്ന സംസ്ഥാനത്ത്‌ തന്നെയാണുള്ളത്‌ എന്നത്‌ എത്ര മാത്രം സ്റ്റേറ്റിനെ സംഘ്‌ പരിവാർ അടക്കി വെച്ചിരിക്കുന്നു എന്നതിനു കിട്ടിയ തെളിവായിരുന്നു. നീറ്റ ജലാറ്റിൻ കേസുമായി ബന്ധപ്പെടുത്തി മാവോയിസ്റ്റ്‌ മുദ്രയടിച്ച്‌ അഭിയേയും അനന്തുവിനേയും അകത്തിടാനാണു രാമമഗലം സി ഐ ഇപ്പോൾ ശ്രമിച്ച്‌ കൊണ്ടിരിക്കുന്നത്‌. കരുളായി വനത്തിൽ കൊല്ലപ്പെട്ടവർ മാത്രമല്ല നാട്ടിലെങ്ങും മാവോയിസ്റ്റ്‌ സാനിധ്യമുണ്ടെന്ന് ഉറപ്പിക്കേണ്ടത്‌ കേന്ദ്ര ഫണ്ട്‌ കൈക്കലാക്കാൻ ആവശ്യമായതിനാൽ ഇന്ന് ഞങ്ങളോരോരുത്തരും നാളെ നിങ്ങളോരോരുത്തരും മാവോയിസ്റ്റ്‌ മുദ്രയടിക്കപ്പെടുക തന്നെ ചെയ്യും. 

ഇടികൊണ്ട്‌ വീണ ശരീരവും ചോരയൊലിച്ച വസ്ത്രവും കൊണ്ട്‌ നിയമസഭയിൽ എത്തി പ്രതിക്ഷേധിച്ച പഴയ സഖാവ്‌ പിണറായി വിജയൻറെ ഭരണ കാലത്ത് തുടർച്ചയായി പോലീസ് ഭീകരത നടമാടുന്നത് ചരിത്രത്തിന്റെ വലിയൊരു പ്രഹസനമായാണ് കാണാനാവുന്നത്.  അഭിയും അനന്തുവും തിരിച്ചെത്തുമെന്ന്  ഇപ്പോഴും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ടീം ന്യൂസ്പോർട്ടിനു വേണ്ടി
    നൗഷാദ്‌ പനക്കൽ


Loading...