25-04-2018

തുടരുന്ന കളികളിൽ

Campus Live | കാസർഗോഡ്


ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്‍റെ തിലകക്കുറി. സ്റ്റേറ്റ് സര്‍വകലാശാലകള്‍ പരീക്ഷാനടത്തിപ്പിലും നിയമനങ്ങളിലും തുടര്‍ച്ചയായി കാലിടറിത്തുടങ്ങിയപ്പോള്‍ സംസ്ഥാനത്തിന് അനുവദിച്ചു കിട്ടിയ പൊന്മുത്ത്. വിശേഷണങ്ങള്‍ ഏറെയാണെങ്കിലും സ്ഥാപിതമായി എട്ടാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോഴും ശൈശവാവസ്ഥയില്‍ തന്നെ തുടരുകയാണ് കേരളത്തിന്‍റെ ഒരേയൊരു കേന്ദ്ര സര്‍വകലാശാല. ഇനിയും പണി പൂര്‍ത്തിയാകാത്ത മെയിന്‍ ക്യാമ്പസ്‌, അതിനാല്‍ തന്നെ അങ്ങ് തിരുവനന്തപുരം മുതല്‍ ഇങ്ങു കാസര്‍കോട് വരെ ചിതറിക്കിടക്കുന്ന ഡിപ്പാര്‍ട്ട്മെന്‍റ്കള്‍, ഇനിയും മുഴുവനായും പ്രവൃത്തിപഥത്തിലേയ്ക്കെത്താത്ത സെന്‍ട്രല്‍ ലൈബ്രറി... കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ മാറിമാറി പഴിച്ചാലും ഇല്ലെങ്കിലും ഇപ്പോഴും യാഥാര്‍ത്യങ്ങള്‍ ഇവയെല്ലാമാണ്.
 
                ശരിയായിരിയ്ക്കാം, ഇവയെല്ലാം ഒരുപാട് സമയം ഇനിയും എടുത്തു ചെയ്തു തീര്‍ക്കേണ്ടവ തന്നെയായിരിയ്ക്കാം. പക്ഷെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള സര്‍വകലാശാലകളുമായി താരതമ്യം ചെയ്യാന്‍ ഇനിയും വളരേണ്ടിയിരിയ്ക്കുന്നു എന്ന വാദം എത്രത്തോളം പ്രസക്തമാണ്? ഈയടുത്ത തുറന്ന നളന്ദ ഒഴിച്ച് നിര്‍ത്തിയാല്‍ ഇത്രയധികം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഏതു സര്വകലാശാലയോടാണ് ഇവിടം താരതമ്യം ചെയ്യേണ്ടത്? അറിയില്ല. എന്നാല്‍ ഈ പറയുന്ന ഭൌതിക വികസനങ്ങള്‍ക്കുമപ്പുറം ഒരു സര്‍വകലാശാല അതിന്‍റെ വിദ്യാര്‍ഥികളോട് നീതി പുലര്‍ത്തേണ്ട ഒട്ടേറെ മേഖലകളുണ്ട്. അവയുടെ യഥാര്‍ത്ഥ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ ഇവിടെ എത്ര പേര്‍ തയ്യാറാണ്?? ഒരു ജനാധിപത്യരാജ്യം എന്ന് ഊറ്റം കൊള്ളുന്ന ഇന്ത്യയില്‍, ആ വിശേഷണം സംശയത്തിന്‍റെ നിഴലിലായിതീര്‍ന്ന ഇക്കാലത്ത് പ്രത്യേകിച്ചും.
 
                ജാതിവിവേചനത്തിനെതിരെയും ലിംഗവിവേചനത്തിനെതിരെയുമുള്ള പ്രക്ഷോഭങ്ങള്‍ കൊടുംബിരിക്കൊള്ളുന്ന ഇക്കാലത്ത്, തങ്ങളുടെയും അജണ്ട മറ്റൊന്നല്ല എന്നാ രീതിയില്‍ പെരുമാറുന്ന സര്‍വകലാശാല അധികൃതര്‍ ചെറിയ ഭീതിയൊന്നുമല്ല വിദ്യാര്‍ത്ഥികളില്‍ സൃഷ്ടിയ്ക്കുന്നത്. നിറത്തോടും പേരിനോടുമുള്ള അവജ്ഞയും, സംശയദൃഷ്ടിയും ലിംഗവ്യത്യാസത്തിനനുസരിച്ചുള്ള അധികാരഭാവങ്ങളുമെല്ലാം ഇവിടെ നടമാടുകയാണ്. രാജ്യത്തെങ്ങും പടര്‍ന്നു പിടിയ്ക്കുന്ന തീവ്രദേശീയതയും മറ്റും വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിയ്ക്കാനുള്ള ശ്രമം ഒരു വശത്ത് ; അതിനൊത്ത് താളം തുള്ളാത്ത, സ്വന്തമായി ആദര്‍ശങ്ങളും അഭിപ്രായങ്ങളുമുള്ള വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളായും മറ്റും മുദ്ര കുത്തുന്ന പ്രക്രിയ മറുവശത്ത്. ഇതിന്‍റെ കൂടെ ലേഡീസ് ഹോസ്റ്റലുകളില്‍ മാത്രം നിലനില്‍ക്കുന്ന പ്രത്യേക കര്‍ഫ്യൂവും , വാര്‍ഡന്‍ന്‍റെയും മേട്രന്‍റെയും അമ്മ സ്നേഹത്തില്‍ പൊതിഞ്ഞ അധികാരഭാവങ്ങളും കൂടി ആകുന്നതോടെ സര്‍വകലാശാലയ്ക്കകത്ത്  ഒരു സ്വേഛ്ആധിപത്യരാഷ്ട്രം തന്നെ പടുത്തു തുടങ്ങുകയാണോ എന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.
 
                ഇക്കഴിഞ്ഞ അധ്യയനവര്‍ഷം തുടക്കം മുതല്‍ തന്നെ അധികാരകേന്ദ്രങ്ങളില്‍ നിന്നുള്ള അമിതബലപ്രയോഗങ്ങള്‍ ചെറിയ രീതിയില്‍ പ്രത്യക്ഷമായിരുന്നു എങ്കിലും, ഏറെ വൈകി നവംബറില്‍ വിദ്യാര്‍ത്ഥിപക്ഷ സ്റ്റുഡന്റ്സ് കൌണ്‍സില്‍ നിലവില്‍ വന്നതോടെയാണ് വലിയ തോതില്‍ പ്രകടമായി തുടങ്ങിയത്. കൌണ്‍സിലിനോടും, അതിന്‍റെ നിലപാടുകളോടും, അനുകൂല മനോഭാവം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളോടും ശത്രുതാമനോഭാവം കാട്ടിയായിരുന്നു തുടക്കം. സ്വന്തം സര്‍വകലാശാലയുടെ സ്റ്റുഡന്റ്സ് കൌണ്‍സിലുമായി സഹകരിച്ചു എന്ന ഒറ്റ കാരണത്താല്‍, തന്‍റെ സെമെസ്റ്റര്‍ പരീക്ഷയ്ക്കിടയില്‍ ഒരു രാത്രി, ഏകദേശം മുക്കാല്‍ മണിക്കൂറോളം വാര്‍ഡന്‍റെ അട്ടഹാസങ്ങള്‍ക്ക്‌ ഇവിടത്തെ ഒരു വിദ്യാര്‍ത്ഥിനി ഇരയാകേണ്ടി വന്നതിനെ എങ്ങിനെയാണ് ന്യായീകരിയ്ക്കേണ്ടത്? ഹോസ്റ്റല്‍ ഗേറ്റിനരികില്‍ സെക്യൂരിറ്റി ഗാര്‍ഡുകളുടെയും മറ്റു വിദ്യാര്‍ത്ഥികളുടെയും മുന്നില്‍ വെച്ച് നടത്തിയ ആ പരിപാടി, ഒരര്‍ത്ഥത്തില്‍ കുറെയെല്ലാം ഫലം കാണുകയും ചെയ്തു. പിന്നീട് അകത്തു കയറുമ്പോഴും പുറത്തിറങ്ങുമ്പോഴും എന്ന് വേണ്ട, ഉണ്ണുന്നിടത്തും ഉറങ്ങുന്നിടത്തും വരെ നോട്ടപ്പുള്ളിയായിത്തീരുകയും, അതിന്‍റെ മാനസിക വിഷമത്തില്‍ ഏറെ മോഹിച്ച് അഡ്മിഷന്‍ നേടിയ കോഴ്സില്‍ നിന്നും അകലാനും ആ വാക്കുകള്‍ ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല. ഇരുപതോ, ഇരുപത്തിരണ്ടോ, അതിനും മുകളിലോ പ്രായമുള്ള, ഭരണഘടന എല്ലാ ജീവിതസ്വാതന്ത്ര്യവും അനുവദിച്ചു കൊടുത്തിട്ടുള്ള മുതിര്‍ന്ന ഇന്ത്യന്‍ പൌരരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ഇനിയുമുണ്ട്, ഹോസ്റ്റല്‍ പരീക്ഷണങ്ങള്‍...
 
                സ്വന്തം ക്യാമ്പസില്‍ തന്നെ രാത്രിയില്‍ ചിലവഴിയ്ക്കാനുള്ള വിലക്ക്, നിശ്ചിതസമയത്തിനപ്പുറം മാപ്പെഴുതി കൊടുത്താല്‍ മാത്രം തുറക്കപ്പെടുന്ന ഗേറ്റുകള്‍, മറ്റു കുട്ടികളെ വഴി തെറ്റിയ്ക്കുന്നു എന്ന ആരോപണം (ഇത്രയും പ്രായമായിട്ടും, ഇനിയും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍, ആഹ...!!!), ആണ്സുഹൃത്തുക്കളുമായി ചേര്‍ത്തുണ്ടാക്കുന്ന മനോഹരമായ അപവാദ കഥകള്‍, രാത്രിയില്‍ ഉപദ്രവിയ്ക്കാന്‍ വരുന്ന 'കാട്ടുമൃഗങ്ങളാ'യ മയിലുകളും നായ്ക്കളും, പിന്നെ പെണ്‍കുട്ടികളെ മാത്രം കടിയ്ക്കുന്ന പാമ്പുകളും! (എല്ലാം പെണ്‍കുട്ടികള്‍ക്ക് മാത്രം ബാധകമാണ്. എത്ര സുന്ദരം, മനോഹരം.)... ഏറ്റവും ഒടുവിലായി ക്യാമ്പസിനകത്ത് തന്നെയുള്ള വിദ്യാര്‍ഥിനികളെ കാണാനില്ലെന്നും പറഞ്ഞ് വീടുകളിലേയ്ക്കും രെജിസ്ട്രാര്‍ക്കും DSW-നും HOD-യ്ക്കുമെല്ലാം വിളികള്‍ പോകുന്നു. അതും ഇവര്‍ തിരഞ്ഞു പിടിച്ച ചിലരുടെ പേരില്‍ മാത്രം, അവര്‍ എവിടെയാണെന്ന് അറിഞ്ഞു കൊണ്ടുതന്നെ പോയ പരാതികളും. ചോദിച്ചപ്പോള്‍ ഇനിയും ആവര്‍ത്തിയ്ക്കും, നിങ്ങള്‍ എന്ത് ചെയ്യും, വേണമെങ്കില്‍ പോലീസിലും കംപ്ലൈന്‍റ് ചെയ്യുമെന്ന ധാര്‍ഷ്ട്യംകലര്‍ന്ന മറുപടി. കൂട്ടത്തില്‍ കാസര്‍ഗോഡ്‌ പോലുള്ള ഒരു സ്ഥലത്ത് നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയല്ലേ എന്ന മയപ്പെടുത്തലും. ഇവിടെ യൂണിവേഴ്സിറ്റി സ്ഥാപിച്ചത് വിദ്യാര്‍ഥികളുടെ തെറ്റായിരുന്നുവോ? സ്വന്തം ക്യാമ്പസിനകത്തുപോലും വിദ്യാര്‍ഥികള്‍ക്ക് സ്വതന്ത്രമായി നടക്കാനുള്ള  സുരക്ഷ ഏര്‍പ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍വകലാശാല എന്നത് കൊണ്ട് ഉദ്ദേശിയ്ക്കുന്നത് എന്താണ്?              
 
                ഇത്തരമൊരു   പ്രദേശമായതു കൊണ്ടും, താമസിയ്ക്കാന്‍ മറ്റു സ്ഥലങ്ങള്‍ കണ്ടു പിടിയ്ക്കാന്‍ കഴിയാത്തത് കൊണ്ടും ഹോസ്റ്റലുകളിലെത്തുന്നവരെ ഇങ്ങിനെ കൂട്ടിലടച്ചിടുന്നത് കൊണ്ട് എന്ത് സന്ദേശമാണ് ഇവര്‍ പ്രചരിപ്പിയ്ക്കുന്നത്? ഇത് ഞങ്ങളുടെ അധികാര കേന്ദ്രമാണ്, ഇവിടെ ഏവരും ഞങ്ങളുടെ കാല്‍ക്കീഴില്‍ മാത്രം നില്‍ക്കുക എന്നോ?? എല്ലാ ഹോസ്റ്റലുകളും മെയിന്‍ ക്യാമ്പസിലേയ്ക്കാക്കിയതിനു ശേഷമാണ് ഇത്തരം കാര്‍ക്കശ്യങ്ങള്‍ ഏറുന്നതെന്നും ശ്രദ്ധേയമാണ്. ആണും പെണ്ണും അടുത്തിരുന്നാല്‍ തീ പാറുമെന്ന ആ പഴയ നിയമവുമായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പുതുതലമുറയെ നേരിടാന്‍ വരുന്ന ശക്തമായൊരു നേതൃത്വം തന്നെയാണ് സര്‍വകലാശാലയ്ക്ക് സ്വന്തമായുള്ളത്.  ഇതേ വിഷയവുമായി ബന്ധപ്പെട്ട്കഴിഞ്ഞ വര്‍ഷവും ഏറെ കോലാഹലങ്ങള്‍ നടന്നിരുന്നു. മറൈന്‍ഡ്രൈവിലും, ശംഖുമുഖത്തുമെല്ലാം നടന്ന സദാചാരവെട്ടയ്ക്കെതിരെ  ഘോരഘോരം പ്രസംഗിയ്ക്കുമ്പോഴും, യൂണിവേഴ്സിറ്റി കലോല്‍സവങ്ങളിലും സൌത്ത് സോണ്‍ മത്സരങ്ങളിലും പങ്കെടുക്കാന്‍ റിഹേര്‍സലിനു പോകുന്നതിനു വരെ സദാചാരവിലക്ക് നേരിടേണ്ടി വരുന്ന ഒരു വിദ്യാര്‍ഥിസമൂഹമാണ് ഇവിടെയുള്ളത്. ഏറെ പരിതാപജനകരം ഇവയെല്ലാം പെണ്‍കുട്ടികള്‍ മാത്രം അഭിമുഖീകരിക്കപ്പെടേണ്ടവയാണെന്നതാണ്.
 
                എന്നാല്‍ പൊതുവായ ചില ഹോസ്റ്റല്‍ വിഷയങ്ങളിലാകട്ടെ ഈ ആണ്‍-പെണ്‍ ഭേദമില്ല. അധ്യയനവര്‍ഷം അവസാനം വരേയ്ക്കും ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് എത്രത്തോളം സൌകര്യപ്രദമായിരുന്നു എന്ന് അന്വേഷിച്ചാലും ഇല്ലെങ്കിലും, പരീക്ഷ കഴിഞ്ഞ ഉടനെ തന്നെ ഏവരെയും ഇറക്കി വിടാന്‍ കാണിച്ച ശുഷ്കാന്തി അഭിനന്ദനാര്‍ഹം തന്നെ. രണ്ടാം വര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളുടെ കോഴ്സ് കഴിഞ്ഞു, ശരി, അവര്‍ ഇറങ്ങേണ്ടവര്‍ തന്നെ. എന്നാല്‍ ഇന്‍റെണ്‍ഷിപ്പിനും മറ്റുമായി ഇവിടെ നില്‍ക്കേണ്ടി വരുന്ന ഒന്നാം വര്‍ഷവിദ്യാര്‍ഥികളുടെ കാര്യമോ? കേന്ദ്രസര്‍വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസം എന്നത് മാത്രം സ്വപ്നം കണ്ടു വന്നവര്‍ HOD-യുടെ അനുമതിപത്രം ലഭിച്ചിട്ടുകൂടി പുറത്തു നില്‍ക്കുകയാണ്, ഇല്ലാത്ത പൈസയുമായി റൂം വാടകയ്ക്കെടുത്ത് ; സര്‍വകലാശാലയുടെ  വിദ്യാര്‍ഥിവിരുദ്ധ നിലപാടുകളുടെ തെളിവായി.
 
                അതിന്റെ ബാക്കിപത്രങ്ങളിലൊന്നാണ് സര്‍വകലാശാലമാഗസിന്‍. ഈ വര്‍ഷം മാഗസിന്‍ ഇറങ്ങില്ലെന്നും അതിനു വേണ്ടി ആരും ഇവിടെ നില്‍ക്കേണ്ടതില്ലെന്നും പറഞ്ഞ് മാഗസിന്‍ കമ്മിറ്റിക്കാരെ ഇറക്കി വിടുന്ന സ്റ്റാഫ് എഡിറ്റര്‍. സ്ടുടെന്റ്സ് കൌണ്‍സിലിന്റെ ഓരോ പരിപാടിയ്ക്കും വിലങ്ങിടാന്‍ മാര്‍ഗമന്വേഷിയ്ക്കുന്ന അധികാരവൃന്ദം. CaNkamA- യൂണിവേഴ്സിറ്റി കലോല്‍സവനാളുകളില്‍ രാത്രിയിലെ പ്രോഗ്രാം തീരാന്‍ ഒരു നിമിഷം വൈകിയാല്‍ പോലീസിനെ വിളിയ്ക്കുമെന്ന ഭീഷണിയുമായി അദ്ധ്യാപകര്‍. പ്രാരാബ്ധം പറഞ്ഞ് തുച്ഛമായ തുക മാത്രം അനുവദിച്ചു കിട്ടിയ CaNkamA വിദ്യാര്‍ഥി പ്രാതിനിധ്യംകൊണ്ടും അവതരിപ്പിച്ച സാമൂഹിക-സാംസ്കാരിക വിഷയങ്ങള്‍ കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റിയതും, കഠിനാധ്വാനം കൊണ്ടും ഒത്തൊരുമ കൊണ്ടും വിജയത്തിലെത്തിയതും ചരിത്രം. അഞ്ചു ദിവസത്തെ കലോല്‍സവത്തിനും ഒറ്റ രാത്രിയിലെ ഫൌണ്ടേഷന്‍ ഡേ-യ്ക്കും ഒരേ തുക വിലയിരുത്തിയ ആ സാമ്പത്തിക വിദഗ്ദ്ധര്‍ സര്‍വകലാശാലയ്ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെ.
 
                ഫണ്ടുകള്‍ അനുവദിയ്ക്കുന്നതിലെ ഇതേ പക്ഷപാതം തന്നെയാണ് ഉന്നതാധികാരികളുടെ വീട്ടുവാടകയിനത്തിനും സ്വകാര്യാവശ്യങ്ങള്‍ക്കും ലക്ഷങ്ങള്‍ ചിലവഴിയ്ക്കാന്‍ മടിയ്ക്കാത്ത യൂണിവേഴ്സിറ്റിയെ വിദ്യാര്‍ഥികളുടെ മെസ്സ് ജീവനക്കാരെയും മറ്റ് അവശ്യജീവനക്കാരെയും വെട്ടിക്കുറയ്ക്കുന്നതിലെയ്ക്ക് നയിയ്ക്കുന്നതും. കൂടാതെ, നേരത്തെ പറഞ്ഞതു പോലെ ഉന്നതവിദ്യാഭ്യാസം സ്വപ്നം കണ്ടു വരുന്ന സാധാരണക്കാരായ വിദ്യാര്‍ഥികളെ ഫീസ്‌ വര്‍ധിപ്പിച്ചും സ്കോളര്‍ഷിപ്പുകള്‍ എടുത്തു മാറ്റിയും ക്രൂശിയ്ക്കുന്നത് പോരാതെ, പണമില്ലാത്തവരും സാഹചര്യം അനുവദിയ്ക്കാത്തവരും ഇതിന്‍റെ ബുദ്ധിമുട്ടുകള്‍ നേരിട്ട് കൊള്ളട്ടെ എന്ന് തുറന്നു പറയാനും അവര്‍ മടിയ്ക്കുന്നില്ല. അതെ, ഞങ്ങളുടെ അജണ്ട ഇതെല്ലാം തന്നെയാണ്, പടിപടിയായി അവ മുഴുവന്‍ നടപ്പിലാക്കുകയും, സര്‍വകലാശാലയെ ഞങ്ങള്‍ ഉദ്ദേശിയ്ക്കുന്ന തരത്തിലെയ്ക്ക് മാറ്റിയെടുക്കുകയും ചെയ്യും എന്ന് വിദ്യാര്‍ഥിപ്രതിനിധികളുടെ മുഖത്ത് നോക്കി പറഞ്ഞവര്‍ ഇന്നും, ഉന്നതാധികാര സ്ഥാനങ്ങള്‍ അലങ്കരിയ്ക്കുന്നു.
 
                ഈ അജണ്ടയുടെ വ്യക്തമായ നടത്തിപ്പാണ് ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നോക്കിയുള്ള മുഖം ചുളിയ്ക്കലുകളും അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന വിദ്യാര്‍ഥികളുടെ അക്കാദമിക്സിലുള്ള കൈ കടത്തലും. ഇതൊരു കേരള സര്‍വകലാശാലയാണോ എന്നാ ചോദ്യത്തിന് എന്തുത്തരമാണ് അധികാരികള്‍ നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നത്? ഇനിയിപ്പോള്‍ ആണെങ്കില്‍ തന്നെ ഈ വിവേചനം ഇതു രീതിയിലാണ് ന്യായീകരിയ്ക്കേണ്ടത്?? വിവരസാങ്കേതികത അതിന്‍റെ ഉന്നതിയില്‍ എത്തി നില്‍ക്കുന്ന  ഇന്നും, തത്തമ്മേ പൂച്ച പൂച്ച പഠിപ്പിയ്ക്കുന്ന, ക്ലാസ്സില്‍ ഇരിയ്ക്കുന്നതും മുടങ്ങാതെ നോട്ട് എഴുതി സബ്മിറ്റ് ചെയ്യുന്നതുമാണ് വിദ്യാഭ്യാസം എന്ന (പഠിയ്ക്കുന്നത്  ബിരുദാനന്തര ബിരുദത്തിനാണേ) കാഴ്ചപ്പാട് വെച്ച് പുലര്‍ത്തുന്ന വിദ്യാഭ്യാസവിചക്ഷണരാണ് തെക്കും വടക്കും നോക്കി വിദ്യാര്‍ഥികളെ വിലയിരുത്തുന്നതെന്ന് ഓര്‍ക്കണം. ഇത്തരത്തില്‍ നോക്കി തുടങ്ങിയാല്‍ ഇവിടുത്തെ പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനങ്ങളും എത്രത്തോളം വിശ്വാസയോഗ്യമാണ്? തങ്ങളുടെ ആദര്‍ശങ്ങള്‍ക്കു വേണ്ടി നിലകൊണ്ടു എന്ന കാരണത്താല്‍ "നിങ്ങളുടെ ഭാവി ഞങ്ങള്‍ വെള്ളത്തിലിടാന്‍ പോവുകയാണ്" എന്ന ഭീഷണി നേരിടുകയും തുടര്‍ന്നും അതിന്‍റെ പ്രത്യഖ്യാതങ്ങള്‍ അവര്‍ പറഞ്ഞ തീവ്രതയില്‍ തന്നെ അനുഭവിയ്ക്കേണ്ടി വരികയും ചെയ്ത ജീവിച്ചിരിയ്ക്കുന്ന രക്തസാക്ഷികളും ഇവിടെ ബാക്കിയാണ്.
 
                എല്ലാ സ്വാതന്ത്ര്യവും, എല്ലാ സൌകര്യവും എന്ന് വിളംബരം ചെയ്യുകയും, 8 മണിയ്ക്ക് ശേഷം ലാബിലും ലൈബ്രറിയിലും പെണ്‍കുട്ടികള്‍ കയറിയാല്‍ അവിഹിതമായതെന്തോ  സംഭവിയ്ക്കുമെന്ന ഭയത്താല്‍ ലാബും ലൈബ്രറിയും തന്നെ അടച്ചു പൂട്ടുകയും, ആരെല്ലാം ആരോടൊപ്പം എങ്ങിനെ ഇരിയ്ക്കണം, നടക്കണം എന്നതിനെക്കുറിചെല്ലാം അലിഖിതനിയമങ്ങള്‍ ഇറക്കുകയും, അവ ലംഘിയ്ക്കുന്നവരെ സ്ഥിരമായി നിരീക്ഷിയ്ക്കുകയും ചെയ്യുന്നതിലൂടെ എന്തു പൌരസ്വാതന്ത്ര്യമാണ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് ; എന്ത് പഠനസ്വാതന്ത്ര്യമാണ് നല്‍കുന്നത്? ഇതിനെ ചോദ്യം ചെയ്യുന്നവരാകട്ടെ സുന്ദരമായി മുദ്ര കുത്തപ്പെടുന്നു. ആന്‍റി-നാഷണല്‍, ആന്‍റി-യൂണിവേഴ്സിറ്റി, അങ്ങിനെയങ്ങിനെ... സ്വന്തം സ്വത്വത്തെ വരെ അടിയറവു വെയ്ക്കാന്‍ തയ്യാറുള്ളവര്‍ മാത്രം ഇവിടേയ്ക്ക് വന്നാല്‍ മതിയെന്ന നിശ്ശബ്ദ സന്ദേശമല്ലേ ഇത് വഴി പ്രചരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്? അല്ലാത്തവര്‍ വരുന്നത് എന്തും നേരിടാന്‍ തയ്യാറായിക്കൊണ്ട് വേണം; ഒരുപക്ഷെ ആശിച്ചു മോഹിച്ചു അഡ്മിഷന്‍ ലഭിച്ച കോഴ്സില്‍ നിന്നും പിന്മാറുന്നതിനു വരെ.
 

                അത്തരം "വഴി തെറ്റലുകളില്‍" നിന്നുള്ള മോചനത്തിനായിരിയ്ക്കാം അവസാനത്തെ വഴികാട്ടിയായി തരുണ്‍ വിജയും എത്തിയത്. ദേശീയതയെയും പട്ടാളക്കാരെയും കുറിച്ച് വാചാലനാവാനും, പുതിയ കെട്ടിടങ്ങളില്‍ ആലേഖനം ചെയ്ത പട്ടാളചിത്രങ്ങള്‍ അനാഛാദനം ചെയ്യാനുമായുള്ള  ആ വരവ് ചിത്രങ്ങള്‍ക്ക് വ്യക്തത പകരാന്‍ തന്നെയായിരുന്നു. അല്ലെങ്കില്‍ തന്നെ ആര്‍ട്സും സയന്‍സും പഠിയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ ഈ പട്ടാളപ്രദര്‍ശനം എന്ത് ഉദ്ദേശത്തിന്‍റെ പേരിലാണ്?? പട്ടിണി കിടക്കുന്നവരോടും പീഡിപ്പിയ്ക്കപ്പെടുന്നവരോടും രാജ്യസ്നേഹത്തിന്‍റെ മഹത്വത്തെ കുറിച്ച് പ്രസംഗിച്ച്, തങ്ങളുടെ പ്രതികരണ ശേഷിയെയും അതിജീവന ശേഷിയെയും ശീതീകരിയ്ക്കാന്‍ ആവശ്യപ്പെട്ടു രംഗത്ത് വരേണ്ടത്  "കറുത്ത ദക്ഷിണേന്ത്യക്കാരോ"ടൊപ്പം ജീവിച്ച് ത്യാഗം സഹിയ്ക്കുന്ന ഇവരൊക്കെത്തന്നെയാണ്. എന്നാലാണല്ലോ യൂണിവേഴ്സിറ്റി വെച്ചു പുലര്‍ത്തുന്ന കാവി അജണ്ട അതിന്റെ പരിപാവനമായ രീതിയില്‍ തന്നെ നടപ്പിലാക്കപ്പെടുകയുള്ളൂ.
 
                മാറ്റം വരേണ്ടത് വിദ്യാര്‍ഥിപക്ഷത്തുനിന്ന് തന്നെയാണ്. പരിചയക്കാരെ ഇവിടത്തെ കോഴ്സുകളില്‍ ചേരുന്നതില്‍ നിന്ന് പിന്തിരിപ്പിയ്ക്കുകയല്ല, മറിച്ച് പരമാവധി പേരെ ഇങ്ങോട്ട് ആകര്ഷിയ്ക്കുക തന്നെയാണ് വേണ്ടത്. വിദ്യാര്‍ഥികളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും ഉറച്ച തീരുമാനങ്ങള്‍ക്കും മാത്രമേ സര്‍വകലാശാലയെ ഇന്ന് അകപ്പെട്ടിരിയ്ക്കുന്ന കാവിക്കരങ്ങളില്‍ നിന്നും മോചിപ്പിയ്ക്കാന്‍ കഴിയുകയുള്ളൂ. തുടക്കത്തില്‍ പറഞ്ഞത് പോലെ, കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തിളക്കമേറ്റുന്ന ഒരു സ്ഥാപനമായി മാറാന്‍ സര്‍വകലാശാല നമ്മോടു ആവശ്യപ്പെടുന്നതും ഇതേ മോചനം തന്നെ. അല്ലാത്ത പക്ഷം ഒരു മതരാഷ്ട്രമായി മാറാന്‍ ശ്രമിച്ചു കൊണ്ടിരിയ്ക്കുന്ന രാജ്യത്തിന്‍റെ ചെറുപതിപ്പു മാത്രമായി ഒടുങ്ങുക എന്ന ഭാവിയിലേയ്ക്കായിരിയ്ക്കും നാം നോക്കി നില്‍ക്കേണ്ടി വരുന്നത്.  

(കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ എം എസ് സി മാത്തമാറ്റിക്‌സ് വിദ്യാർത്ഥിനിയാണ് അമൃത )Loading...