17-08-2018

​വിവേകാനന്ദൻ ഹിന്ദുത്വത്തിന്റെ ബ്രാൻഡ് അംബാസിഡർ

Cover Story | കൊച്ചി


ഫാസിസം അതിന്റെ എല്ലാ സീമകളെയും അതിജീവിച്ച് ഇന്ത്യന്‍ മണ്ണിലും വേരുറപ്പിക്കുമ്പോള്‍ 'ഹൈന്ദവ ഫാസിസമെന്ന' സംഘപരിവാര്‍ ബ്രാഹ്മണിക്കല്‍ അജണ്ട ഇന്ത്യയെന്ന രാഷ്ട്രീയ വ്യവസ്ഥയെ തന്നെ തകര്‍ക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഹിന്ദുരാഷ്ട്രത്തിനായി പ്രചാര വേല നടത്തിയ ഒരു സ്വാമിയെ  പിടിച്ച് ഇന്ത്യന്‍ നവോത്ഥാനത്തിന്റെ അപ്പോസ്തലനാക്കുന്നത്. 1956ല്‍ ഉണ്ടായ കേരളത്തില്‍ 1829ല്‍  വിവേകാന്ദന്‍ വന്നെന്നും കേരളം ഭ്രാന്താലയമാണെന്ന് 'പ്രശംസിച്ചെന്നുമുള്ള കഥയുടെ 125ാം വാർഷികം  സര്‍ക്കാര്‍ ചെലവില്‍ ധൂര്‍ത്തടിക്കുകയും ചെയ്യുന്നു. 

നിരവധിയായ ഇന്ത്യന്‍ സന്യാസിമാരെപ്പോലെ ആത്മീയ വ്യവസായത്തെ അത്യന്തം മനോഹരമാക്കിയ 'വെറും' സ്വാമി മാത്രമാണ് വിവേകാന്ദന്‍ എന്നത് വിഴുങ്ങി കളഞ്ഞ്, വിവേകാനന്ദനെ ഇന്ത്യപോലൊരു രാഷ്ട്രത്തിന്റെ തലതൊട്ടപ്പനാക്കാനുള്ള നീക്കങ്ങളുടെ അടിസ്ഥാന കാരണവം ഇന്ത്യന്‍ ഭരണകൂടവും ഈ ബ്രാഹ്മണിക വല്‍ക്കരണത്തിന്റെ കുടികിടപ്പുകാര്‍ ആയതുകൊണ്ടാണ് എന്നത് വ്യക്തമാണ്.


Related image

ആരാണ് വിവേകാനന്ദന്‍???

1863 ജനുവരി 12ന് ബംഗാളില്‍ കായസ്ഥ എന്ന സമുദായത്തില്‍ ജനിച്ചു. ചെറുപ്പത്തിലേ ദൃഢഗാത്രനും ബുദ്ധിശാലിയുമായിരുന്ന വിവേകാനന്ദന്റെ ആദ്യ നാം നരേന്ദ്ര നാഥ് ദത്ത എന്നായിരുന്നു. ശ്രീരാമ കൃഷ്ണ പരമഹംസന്റെ ശിഷ്യത്വം സ്വീകരിച്ച വിവേകാനന്ദന്‍ 1890 മുതല്‍ ഭാരത ദര്‍ശനം ആരംഭിക്കുകയായിരുന്നു. ബംഗാളില്‍ നിന്ന് ബീഹാര്‍, ശ്രീനഗര്‍, ഡെറാഡൂണ്‍ വഴി മീററ്റിലെത്തി. ഉത്തരേന്ത്യയിലെ സാമൂഹിക അവസ്ഥകള്‍ മനസിലാക്കിയ വിവേകാനന്ദന്‍  തെക്കേ ഇന്ത്യയും സന്ദര്‍ശിക്കാന്‍ തീരുമാനിക്കുന്നു. അങ്ങനെ മീററ്റ്, ഡല്‍ഹി,രാജസ്ഥാന്‍,കത്തിയവര്‍,ബോംബെ, മൈസൂര്‍ വഴി പാലക്കാട് എത്തുന്നു. തുടര്‍ന്ന് 29 വയസ്സില്‍  തിരുവിതാംകൂര്‍ വഴി അദ്ദേഹം 1892ല്‍ ആഗസ്ത് മാസം കന്യാകുമാരിയില്‍ എത്തുന്നു. തുടര്‍ന്ന് മദ്രാസിലേക്ക് യാത്രതിരിക്കുന്ന വിവേകാന്ദന്‍ മദ്രാസിലെത്തുന്ന സമയത്താണ് അമേരിക്കയിലെ ചിക്കാഗോയില്‍ വെച്ച നടക്കുന്ന ലോകമത സമ്മേളനത്തെക്കുറിച്ച അറിയുന്നത്. അതില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച ബോംബെയിലേക്ക് പുറപ്പെടുകയും ചെയ്തു. ബോംബെയില്‍ വെച്ച്  ഖേത്രി മഹാരാജാവ് ഇദ്ദേഹത്തിന് 'വിവേകാന്ദന്‍' എന്ന പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു.

തുടര്‍ന്ന്  അമേരിക്കയിലെക്ക് പുറപ്പെട്ട വിവേകാന്ദന്‍ 1893 സെപ്റ്റംബര്‍ 11 മുതല്‍ 27 വരെ നടന്ന മതസമ്മേളനത്തില്‍ പങ്കെടുക്കുകയും പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു. അവിടെനിന്നും യൂറോപ്പിലേക്ക് പുറപ്പെട്ട ഇദ്ദേഹം കൊളംബിയയിലെത്തുന്നു. അങ്ങനെ ലോക യാത്രകള്‍ക്കൊടുവില്‍ അദ്ദേഹം 39 വയസില്‍ 1902 ജൂലായ് 4 ന് മരണപ്പെടുന്നു.

ചാപിള്ളയായി പിറന്ന ഇന്ത്യന്‍ നവോത്ഥാനം...!

മതത്തെ മാറ്റി മാനവികതയെ സ്ഥാപിക്കലാണ് നവോത്ഥാനം. യൂറോപ്പിലെ നവോത്ഥാനം ഒരു പുതിയ ജന്മം ആയിരുന്നെങ്കില്‍ ഇന്ത്യയില്‍ നവോത്ഥാനം നടന്നിട്ടില്ല എന്ന് പറയാം. മതത്തെ നിരാകരിച്ചുകൊണ്ട് മാനവികത പുനര്‍സ്ഥാപനമെന്ന നവോത്ഥാന പ്രക്രിയ  ഇന്ത്യന്‍ ചരിത്രകാരന്മാരുടെ പേനത്തുമ്പില്‍ വിരിഞ്ഞ കെട്ടുകഥകള്‍  മാത്രമാണ്. മത പരിഷ്‌കരണത്തിന്റെ  മറവില്‍ (അതും ഭാഗികമായി മാത്രം) അങ്ങനെ അങ്ങ് ഇന്ത്യ നവോത്ഥാനം നടന്ന മണ്ണാണെന്ന് സ്വയം പ്രഖ്യാപിച്ച നമ്മള്‍ ആത്മ നിര്‍വൃതി കൊള്ളുന്നു.
 
മതത്തെ മാറ്റി നിര്‍ത്തി ജനാധിപത്യത്തെ നിലനിര്‍ത്താന്‍ ഇവിടെ അത്രമേല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല എന്ന് ചുരുക്കം. പരിഷ്‌കരണത്തിന്റെ വിപ്ലവവായാടിത്തത്തിലൂടെ വൈദിക മതത്തെ നിലനിര്‍ത്തുക മാത്രമാണ് നാളിന്ന് വരെയുള്ള ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ആകെത്തുക. ഇതിന് ചൂട്ടുകത്തിച്ച വിവേകാനന്ദന്‍ അങ്ങനെ ചുളുവില്‍ മേലനങ്ങാതെ ഇന്ത്യന്‍ 'നവോത്ഥാനത്തിന്റെ' പിതാമഹനായി.

Image result for vivekananda brahmanic

നവോത്ഥാനം എന്ന കെട്ടുകഥക്ക് ചൂട്ടു കത്തിച്ചവര്‍.

‌നവോത്ഥാന പ്രസ്ഥാനങ്ങള്‍ എന്ന് കാണാതെ പഠിക്കുന്ന പ്രസ്ഥാനങ്ങള്‍ ഒക്കെ തന്നെ ഇന്ത്യന്‍ ചരിത്രത്തിലെ വൈദിക മത വാദികള്‍ തന്നെയായിരുന്നു.
 
1. ബ്രഹ്മസമാജ് :

സതി സമ്പ്രദായത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് രംഗത്തു വന്ന രാജാറാം മോഹന്‍ റോയ്(1772-1833) ആധുനിക വിദ്യാഭ്യാസം ലഭിച്ച പരിഷ്ക്കാരിയായിരുന്നു. ഇന്ത്യയില്‍ മാറ്റങ്ങള്‍ വരണമെങ്കില്‍ ഇന്ത്യയില്‍ പാശ്ചാത്യ വിദ്യാഭ്യാസം വേണമെന്ന് വാദിച്ച ഇദ്ദേഹം വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു. ഏകദൈവ വിശ്വാസം, ദേശീയ ഐക്യം, സ്ത്രീ സ്വാതന്ത്ര്യവുമൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും രാജാറാം മോഹന്‍ റോയ് പൂണൂല്‍ ഉപേക്ഷിക്കാത്ത ഇന്ത്യന്‍ ബ്രാഹ്മണന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ ബ്രഹ്മസമാജ് അപ്രസക്തമാവുകയായിരുന്നു. 

 

Image result for raja ram mohan rai

2. പ്രാര്‍ത്ഥനാ സമാജ് 

‌1867ല്‍ ആത്മാറാം പാണ്ഡുരംഗ് സ്ഥാപിച്ച 'Monotheistic Association' ന്റെ പരിണാമമായിരുന്നു 1870 ലെ പ്രാര്‍ത്ഥന സമാജ്. മഹാദേവ ഗോവിന്ദ റാനഡെയാണ് ബോംബെയില്‍ സമാജ് ആരംഭിക്കുന്നത്. 'പ്രപഞ്ച സൃഷ്ടാവ്  ദൈവം, ഒരു ദൈവത്തെ ആരാധിച്ചാല്‍ ഫലമുണ്ടാകും , അദ്ധ്യാത്മിക കീര്‍ത്തനങ്ങള്‍ പാടി നിരന്തരം പ്രാര്‍ത്ഥിക്കുക എന്നിവയായിരുന്നു റാനഡെയുടെ ചിന്തകള്‍

3. ആര്യ സമാജ്:

‌ബ്രാഹ്മണവെറിയുടെ മൂർത്ത രൂപമായിരുന്ന ദയാനന്ദ സരസ്വതി സ്ഥാപിച്ച ബ്രാഹ്മണ്യ രാഷ്ട്രീയത്തിന്റെ സംഘടന രൂപമായിരുന്നു ആര്യസമാജ്. ബ്രാഹ്മണ - ക്ഷത്രിയ - വൈശ്യ വിഭാഗങ്ങൾ മാത്രമാണ് ഹിന്ദുക്കളെന്ന് പ്രഖ്യാപിച്ച ദയാനന്ദ സരസ്വതി വേദങ്ങളാണ് ശാശ്വതസത്യം, അതിൽ ഇല്ലാത്തതൊന്നുമില്ല, ഉണ്ടെങ്കിൽ അതു വേണ്ട തുടങ്ങി വേദങ്ങളിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്ത ഈ വൈദിക മതഭ്രാന്തൻ ഇന്ത്യൻ നവോത്ഥാന നായകനായി പാഠപുസ്തകങ്ങളിൽ നിറയുന്നത് തീർത്തും അധപതനമാണ്.

Image result for dayananda saraswati

4. ബ്രഹ്മവിദ്യാസംഘം:

‌ 1863 ൽ ഇന്ത്യയിലെത്തിയ ഐറിഷ് വനിത ആനി ബസന്റ് മദ്രാസിൽ രൂപീകരിക്കപ്പെട്ട തിയോസഫിക്കൽ സൊസൈറ്റിയെ പുനരുദ്ധരിച്ചു. വർഗം, ജാതി, ലിംഗം, നിറം എന്നിവയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ആത്മീയവും, ദേശീയ പൈതൃകത്തിൽ ആത്മവിശ്വാസവും വളർത്തുകയായിരുന്നു ആനിബസന്റിന്റെ ലക്ഷ്യം.

നവോത്ഥാനമെന്ന പേരിൽ കൊട്ടിഘോഷിക്കപെട്ട സമാജങ്ങളും, സംഘങ്ങളും വൈദികമത കേന്ദ്രീകൃതമായ കേവല പരിഷ്ക്കരണ പദ്ധതികൾ ആയിരുന്നു.

Image result for vivekananda brahmanic

സവർണ്ണ ചരിത്രത്തിൽ ഇടമില്ലാതെ പോയവർ

മേൽപ്പറഞ്ഞ ഒരു " നവോത്ഥാന " പ്രസ്ഥാനവും ഇന്ത്യൻ മണ്ണിന്റെ യഥാർത്ഥ ഉടമകളായ ദരിദ്ര - ദലിത് ജനതയുടെ പ്രശ്നങ്ങളെ ബോധപൂർവ്വം തമസ്കരിച്ചു, അതിനെ ഉന്നയിച്ചു വന്നുവരെ തഴയുകയും ചെയ്യ്തു.

|. സത്യശോധക് സമാജം: 

ദലിത് മോചനത്തിന്റെ അതിശക്തമായ രൂപമായിരുന്നു ജ്യോതിറാവു ഫൂലെ രൂപീകരിച്ച സത്യശോധക് സമാജം. ബ്രാന്മണ്യാധിപത്യത്തെ എതിർത്ത് സമത്വാധിഷ്ഠിത സംഘടന രൂപീകരിച്ച ഇദ്ദേഹം ജനങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ മനസിലാക്കി ദളിത് വിമോചനത്തിനായി ആര്യാവർത്തന രാഷ്ട്രീയത്തെ എതിർത്തു.

Image result for phule

2. ദ്രാവിഡ കഴകം:

ദക്ഷിണേന്ത്യയിൽ ആര്യ രാഷ്ട്രീയത്തിനെതിരെ ദ്രാവിഡ രാഷ്ടീയം ഉയർത്തിയ ഇ.വി രാമസ്വാമി എന്ന പെരിയോർ ജീവിത മുടനീളം ജാതി വിരുദ്ധ പോരാട്ടത്തിലായിരുന്നു. അദ്ദേഹം ആരംഭിച്ച ദ്രാവിഡ കഴകം ആര്യ വാദത്തിനെതിരെ ബദൽ രാഷ്ട്രീയം ഉയർത്തി.

എന്നാൽ ഇന്ത്യൻ നവോത്ഥാനമെന്ന സവർണ്ണ സൃഷ്ടിയിൽ സത്യശോധക് സമാജവും, ദ്രാവിഡ കഴകവും തമസ്കരണ പടുകുഴിയിൽ അകപ്പെട്ടുപോയി. ഇ.വി.ആറിനും ഫൂലെക്കും നേരെ നിൽക്കാനുള്ള യോഗ്യത റാം മോഹൻ റോയിക്ക് ഇല്ലെങ്കിലും സവർണ്ണതയെ താങ്ങിയതിനാൽ ചുളുവിൽ ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവായി. ഇങ്ങനെ സവർണ ചരിത്ര രചന മനപാഠമാക്കുന്ന ഇന്ത്യൻ മണ്ണിൽ വിവേകാനന്ദൻ എന്ന കള്ളനാണയം പടർന്ന് പന്തലിച്ചതിൽ അത്ഭുതപ്പെടാനില്ല.

Image result for periyar

വിവേകാനന്ദൻ എന്ന വിപ്ലവ താരകം:

വിവേകാനന്ദനെ ചരിത്ര പുരുഷനാക്കാൻ അഹോരാത്രം  പരിശ്രമിക്കുകയായിരുന്നു ഓരോ ചരിത്രമെഴുത്തും. വിവേകാനന്ദനെക്കുറിച്ച് പാടി കേട്ട പാട്ടുകളിൽ അദ്ദേഹത്തെ പുണ്യ അവതാരമാക്കാൻ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് കൊട്ടിഘോഷിക്കപ്പെടുന്നത്.

1. വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചു.

2. അമേരിക്കയിൽ വച്ച് നടന്ന ലോകമത സമ്മേളനത്തിൽ കാണികളെ "സഹോദരി സഹോദരന്മാരെ '' എന്ന് സംബോധന ചെയ്തു.

3. ഹിന്ദുമതം സഹിഷ്ണുതയുടെ മതമാണെന്ന് പ്രഖ്യാപിച്ചു.

മേൽപ്പറഞ്ഞ മൂന്നു കാര്യങ്ങളും അതി വിദഗ്ധമായി വളച്ചൊടിച്ചുണ്ടാക്കിയ കെട്ടുകഥകളാണ്. അവയോരോന്നായി പരിശോധിക്കാം.

1. വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചു

"മലബാറിൽ ഞാൻ കണ്ടതിനേക്കാൾ കവിഞ്ഞൊരു വിഢിത്തം ലോകത്തെവിടെയെങ്കിലുo ഉണ്ടായിട്ടുണ്ടോ?
സവർണർ നടക്കുന്ന തെരുവിൽകൂടി പറയനു നടന്നു കൂടാ... പക്ഷേ മിശ്രമായ ഒരു ഇംഗ്ലീഷ് നാമം അല്ലെങ്കിൽ മുഹമ്മദീയ നാമം സ്വീകരിച്ചാൽ മതി എല്ലാം ഭദ്രമാകും. ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്. അവരുടെ വീടുകളാകെ ഭ്രാന്താലയങ്ങളും."

(വിവേകാനന്ദ സാഹിത്യ സർവ്വസ്വം, പേജ് 356)

എത്ര രസകരമായാണ് ഇത്ര ദീർഘമായൊരു ഖണ്ഡികയെ ചുരുക്കിയെടുത്ത് വിവേകാനന്ദനെ വിപ്ലവ താരകമാക്കുന്നത്. മതപരിവർത്തനത്തെ വിമർശിച്ച വിവേകാനന്ദന്റെ വാക്കുകൾ, ഒടുക്കം ജാതി വ്യവസ്ഥയെ വിമർശിച്ചത് പോലെയാക്കി തീർക്കാൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. 

Image result for vivekananda in chikago


2. അമേരിക്കയിൽ വച്ച് നടന്ന ലോകമത സമ്മേളനത്തിൽ കാണികളെ "സഹോദരി സഹോദരന്മാരെ '' എന്ന് സംബോധന ചെയ്തു

വിവേകാനന്ദൻ അദ്ദേഹത്തിന്റെ ശിഷ്യന് ചിക്കാഗോയിൽ നിന്നെഴുതിയ കത്തുണ്ട്. ( സിദ്ധി നാഥാനന്ദ സ്വാമികൾ പേജ് 371-72). അതിലിപ്രകാരം എഴുതുന്നു. 

 "എന്റെ ജീവിതത്തിൽ പൊതുജന സമക്ഷം പ്രസംഗിച്ചിട്ടില്ലാത്ത ഞാൻ ഈ മഹനീയ പരിഷത്തിൽ പ്രസംഗിക്കുക!  എന്റെ നെഞ്ച് പിടയുകയായിരുന്നു. നാക്ക് മുക്കാലും വരണ്ട് പോയി. എനിക്ക് വല്ലാത്ത പ രിഭ്രമമായിരുന്നു. അവരൊക്കെ സന്ന സന്നദ്ധനായിരുന്നു. മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗം കൊണ്ടാണവർ വന്നിരുന്നത്. ഞാനൊരു മണ്ടൻ ഒന്നും കരുതിയിരുന്നില്ല. ഞാനൊരു ചെറു പ്രസംഗം ചെയ്തു. അത് തീർന്നപ്പോൾ വികാരാവേശം കൊണ്ട് മിക്കവാറും തളർന്ന് ഞാനങ്ങിരുന്നു. "

ആദ്യമായി സദസിനെ അഭിസംബോധന ചെയ്യുന്ന ഏതൊരാൾക്കും സ്വാഭാവികമായി തോന്നിയ വികാരങ്ങളാണിവ. അന്ന് അവിടെ പ്രസംഗിച്ച ബ്രഹ്മ സമാജത്തിലെ മസുംദാർ, ബോംബെയിൽ നിന്ന് നഗർക്കർ, ജൈനന്മാരുടെ പ്രതിനിധി ഗാന്ധി, ' മിസിസ്. ആനി ബസന്റ് എന്നിവരൊക്കെ അന്ന് മീറ്റിംഗിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ അവർക്കൊന്നും കിട്ടാത്ത ബൂസ്റ്റ് ഇദ്ദേഹത്തിന് എങ്ങനെ കിട്ടുമെന്ന് കൂടി ആലോചിക്കേണ്ടതാണ്. ഇന്ത്യയുടെ സാംസ്കാരിക ഔന്നത്യത്തിന്റെ പ്രതീകമായി ആ "സഹോദരി സഹോദരന്മാരെ'' ബ്രാൻഡ് ചെയ്യപ്പെടുകയാണുണ്ടായത്. ഒരു സാധാരണ മനുഷ്യന് ആദ്യ പ്രസംഗത്തിൽ തോന്നുന്ന എല്ലാ പ്രതിസന്ധികളും അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. പക്ഷേ അതിഭാവുകത്വവും അതിവിശേഷണങ്ങളും നൽകി ആ പ്രസംഗത്തിലൂടെ ആ വ്യക്തിയെ മഹത്വവൽക്കരിക്കുകയാണുണ്ടായത്. പക്ഷേ അതെന്തിനാണ് എന്ന് കൂടി ചിന്തിക്കേണ്ടതാണ്. 

3. ഹിന്ദുമതം സഹിഷ്ണുതയുടെ മതമാണെന്ന് പ്രഖ്യാപിച്ചു

ഇന്ത്യയിൽ നിലനിന്ന ഹീനമായ ജാതി വ്യവസ്ഥയെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്ന വിവേകാനന്ദൻ മത പരിഷ്കരണത്തിന്റെ ആര്യ പക്ഷം തന്നെയാണ് നടത്തിയത്. അതിൽ സംശയമില്ല. ഹൈന്ദവ രാഷ്ട്രവാദത്തിന്റെ ആദ്യകാല ദാർശനികനായ ഇദ്ദേഹത്തിന്റെ ദേശീയവാദവും അതി ഭീകരമായ മതബോധം പേറുന്നവയായിരുന്നു. 

"നമ്മുടെ ദേശീയ ജീവിതത്തിൽ ഓരോ അണുവിലും നിറഞ്ഞ് കിടക്കുന്നത് നമ്മുടെ മതമാണ്. നമ്മുടെ ചിന്തകൾ, രാഷ്ട്രീയം,സമൂഹം, എന്തിന് നമ്മുടെ മുനിസിപ്പാലിറ്റിയുടെ ദൈനംദിന കാര്യങ്ങളും, പ്ലേഗ് നിവാരണം, വനിതാക്ഷേമം,എല്ലാ യഥാവിഥി നടത്തണമെങ്കിൽ അത് മതത്തിലൂടെയാവണം" (വിവേകാനന്ദ സാഹിത്യ സർവ്വസ്വം 461).

"ജാതിയെ വിഘ്നപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഭാരതം അധ:പതിച്ചത്. ജാതിക്ക് അതിന്റെതായ പ്രഭാവം കൈവരട്ടെ. ജാതിക്കു നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളൊക്കെ തകർക്കുക. നാം ഉയരും"
- ഭാരതത്തിന് ഒരു പ്രവർത്തന പദ്ധതി,
(വിവേകാനന്ദ സാഹിത്യ സർവ്വസ്വം 403)

മേൽ സൂചിപ്പിച്ച പോലെ മത തീവ്രവാദം വിളമ്പുന്ന ഒരായിരം വാചകങ്ങൾ 
വിവേകാനന്ദ സാഹിത്യ സർവ്വസ്വത്തിൽ കണ്ടെത്താവുന്നതാണ്. 

*ബ്രഹ്മണ്യത്തിന്റെ ബ്രാൻഡ് അംബാസിഡർ*

ബ്രാഹ്മണ്യത്തിന്റെ വിഷം ചീറ്റുന്ന വർഗ്ഗീയ വാദിയായിരുന്നു വിവേകാനന്ദൻ. ഓരോ വാക്കിലും ഒളിഞ്ഞു കിടക്കുന്ന ബ്രാഹ്മണ്യ ബോധങ്ങൾ തിരിച്ചറിയേണ്ടതാണ്.

"ഹിന്ദു ദർശനങ്ങളുടെ ലക്ഷ്യം മുഴുവൻ നിരന്തര യജ്ഞം കൊണ്ട് പൂർണ്ണനും ദിവ്യനുമാവുകയാണ്. ഈശ്വരനെ പ്രാപിക്കുകയും ഈശ്വരനെ ദർശിക്കുകയും ചെയ്യുക. ഈ ഈശ്വര പ്രാപ്തിയും ദർശനവും സ്വർഗസ്ഥനായ പിതാവിനെപ്പോലെ തന്നെ പരിപൂർണ്ണനായിത്തീരൽ ആണ് ഹിന്ദു മതം " 
(വിവേകാനന്ദ സാഹിത്യ സർവ്വസ്വം 131) 

''നാം ശ്രദ്ധിക്കേണ്ട ഒന്നാമത്തെ ജോലി ഇതാണ്; ഉപനിഷത്തുകളിലും മതഗ്രന്ഥങ്ങളിലും പുരാണങ്ങളിലുമുള്ള അത്ഭുത സത്യങ്ങൾ അവയിൽ നിന്ന് വെളിയിൽ കൊണ്ടുവരണം. നാട്ടിലെങ്ങും പരക്കെ ചിതറണം അങ്ങനെ പ്രസ്തുത സത്യങ്ങൾ വടക്കുമുതൽ തെക്കു വരെ, കിഴക്കുമുതൽ പടിഞ്ഞാറു വരെ, ഹിമാലയം മുതൽ കന്യാകുമാരി വരെ സിന്ധു മുതൽ ബ്രഹ്മപുത്ര വരെ തീ പോലെ കത്തിക്കാളി നാടാകെ നടമാടട്ടെ. ഓരോരുത്തരും അവയെ അറിയണം. ഓരോരുത്തരും അവയെ അറിയണം. ആളുൾ തങ്ങളുടെ മതഗ്രന്ഥങ്ങളിലുള്ള മഹത്തായ സത്യങ്ങൾ കേൾക്കുവാൻ സഹായിക്കുന്നവന് അതിലും മെച്ചപ്പെട്ട മറ്റൊരു കർമ്മം ഇന്ന് ചെയ്യാനില്ല."

(വി. സാ.സ മൂന്നാം ഭാഗം 112, 113)

ഓരോ ഹിന്ദുവർഗീയത മാത്രമാണ് വിവേകാനന്ദൻ പ്രസംഗിച്ചത്. അതിസാമാന ബോധമുണ്ടായിരുന്ന വിവേകാനന്ദൻ പക്ഷേ ഇന്ത്യയിലെ ജാതി വ്യവസ്ഥയെക്കുറിച്ചോ, മനുസ്മൃതിയെക്കുറിച്ചോ, ഇന്ത്യയിലെ പട്ടിണിയെക്കുറിച്ചോ, കോടാനുകോടി കറുത്തവന്റെ ദുരിതങ്ങളെക്കുറിച്ചോ ഒരക്ഷരം മിണ്ടിയില്ല എന്നതിനാലാവാം സ്വാമി മഹാനായത്.

Image result for vivekananda in chikago


*വിവേകാനന്ദന്റെ കുണ്ഡലിനി*

ആർക്കെങ്കിലും ചിരിക്കണമെങ്കിൽ ഒരു വഴി പറഞ്ഞ് തരാം വിവേകാനന്ദ സാഹിത്യ സർവ്വസ്വത്തിലെ അദ്ധ്യായം 4 ' ആദ്ധ്യാത്മിക ' പ്രാണൻ ഒന്ന് വായിക്കുക. ഇതിലും വലിയ തമാശകൾ ചിലപ്പോൾ സ്വപ്നങ്ങളിൽ മാത്രമെ ഉണ്ടാവു. തന്റെ ആത്മീയ കസർത്തുകൾക്ക് ശാസ്ത്രീയ മേലങ്കി ചാർക്കാൻ ശ്രമിച്ച വിവേകാനന്ദന്റെ തലയിൽ വിരിഞ്ഞതാണ് കുണ്ഡലിനി. 

പ്രധാനപ്പെട്ട വരികൾ വായിക്കുക....

"നട്ടെലിനുള്ളിൽ 'ഇഡ'യെന്നും 'പിംഗള'യെന്നും രണ്ട് നാഡീധാരകളും നട്ടെല്ലിലെ നാഡീപാശത്തിലൂടെ പോകുന്ന സുഷ്മനയെന്ന ഒഴിഞ്ഞ നാളവും അതിന്റെ താഴത്തെ അകത്താണ് കുണ്ഡലിനി പത്മം. അതിനുള്ളിൽ കുണ്ഡലിനി ശക്തി ചുരുണ്ടു കിടക്കുന്നു... അത് ശിരസ്സിനുള്ളിൽ എത്തുമ്പോൾയോഗിക്കു ശരീരത്തോടും മനസിനോടുമുളള ബന്ധം തീരെ വിട്ട് പോകുന്നു.... "

അദ്ദേഹം തുടരുന്നു, 
" ഏറ്റവും അടിയിലുള്ള പത്മം നട്ടെല്ലിലെ സിരാ പാശത്തിന്റെ താഴത്തെ അറ്റത്താണ്. അത് മൂലാധാരം. മൂന്നാമത്തേത് മണിപൂരം... നാല് അനാഹതം.. അഞ്ച് വിശുദ്ധി... ആറ് ആജ്ഞ.... ഒടുവിൽ മസ്തിഷ്കത്തിലുള്ള സഹസ്രദളപത്മമായ സഹസ്രാരം. ഈ സിരാപാശമജ്ജാമയായ ഒരു കന്ദത്തിൽ അവസാനിക്കുന്നു. കന്ദമാകട്ടെ, തലച്ചോറിലുള്ള ഒരു ദ്രവത്തിൽ പൊങ്ങിക്കിടക്കുന്നു. തലച്ചോറിനോട് ബന്ധിക്കുന്നില്ല"


ഇത് ഏത് ശാസ്ത്രമാണെന്ന് വിവേകാനന്ദനെ കൊണ്ടു നടക്കുന്നവർ ഒന്ന് പറഞ്ഞാൽ കൊള്ളാം. വിവരക്കേട് ഒരു അലങ്കാരമാണെങ്കിൽ  പിന്നെ എന്ത് പറയാൻ...

Image result for kundalini
വിവേകാനന്ദന്റെ സ്ത്രീവാദം

"ഇന്ത്യയിലെ അതി സുന്ദരിയായ സ്ത്രീ പോലും അമേരിക്കയിലെ കരിമൂങ്ങയെ പോലിരിക്കും "

(വി. സാ.സ വാല്യം 7, പേജ് 459)

ഇതാണ് സ്വാമിയുടെ തനിനിറം.

പട്ടിക്ക് മീശ വന്നാൽ അമ്പുട്ടനെന്താ കാര്യം....????

വിപ്ലവ സംഘടനകൾ ഒന്നടങ്കം വിവേകാനന്ദന് താലപ്പൊലിയെടുക്കുന്നത് കാണാം... ഇത്രയും വർഗീയ വാദിയെ ചുമന്ന് കൊണ്ട് നടന്ന് സ്വയം അപഹാസരാവരുത്. ചാണകം ചാരിയാൽ ചാണകമേ മണക്കു എന്നിടക്ക് ഓർത്താൽ മതിയാവും. വർഗീയതയെ ചെറുക്കാൻ  വർഗീയ ബിംബങ്ങളെ ഉപയോഗിക്കുകയല്ല വേണ്ടത്, വർഗ്ഗസമരത്തെ വിജയിപിക്കുകയാണ് വേണ്ടത്...

ഇന്ത്യയെ ബ്രാഹ്മണികവൽക്കരിക്കുകയായിരുന്നു വിവേകാനന്ദൻ. പർവ്വതീകരിച്ച് കാട്ടി നമ്മെയൊന്നടങ്കം തെറ്റി ധരിപ്പിച്ച് ചുളുവിൽ ഒരു  പണിയുമെടുക്കാതെ ഇന്ത്യൻ നവോത്ഥാന നായകനായതും, ആക്കിയതും ഇന്ത്യയെ കാവിവൽക്കരിക്കുക എന്ന അജണ്ട തന്നെയാണ്. വൈദിക മത പുനരുജ്ജീവനത്തിന് വേണ്ടി നാടൊട്ടുക്കും കറങ്ങിയ വിവേകാനന്ദൻ എന്ന പൊള്ളയായ ബിംബത്തെ പൊളിച്ചടുക്കണം. ഹിന്ദു ദേശീയ വാദത്തിന്റെ പിതാവിനെ തിരിച്ചറിയുക.... ചരിത്രം ഇനി നമുക്ക് തിരുത്തിയെഴുതാം


Loading...