17-08-2018

​യൂണിവേഴ്സിറ്റി കോളേജിൽ കയറി പൊങ്കാലയിട്ട അമ്മമാരോട്

Cover Story | തിരുവനന്തപുരം


പ്രിയപ്പെട്ട അമ്മമാരെ, സഹോദരിമാരെ,

നിങ്ങളിൽ ചിലരെങ്കിലും ഇന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ കയറി പൊങ്കാലയിട്ടു കാണും. നിങ്ങളെ സംബന്ധിച്ചിടത്തോളം അതിൽ രാഷ്ട്രീയപരമായ അർഥങ്ങൾ ഒന്നും ഇല്ലായിരിക്കാം. ആറ്റുകാൽ ദേവിയുടെ സന്നിധിയിൽ നിങ്ങൾ പൊങ്കാലയിടാൻ ആഗ്രഹിക്കുന്നു. അവിടെ അടുത്ത് ഇടം കിട്ടാത്തതിനാൽ കിട്ടിയ ഇടത്തിൽ നിങ്ങൾ അടുപ്പു കൂട്ടുന്നു. യൂണിവേഴ്സിറ്റി കോളേജിനെ നിങ്ങൾ അങ്ങിനെയേ കണ്ടു കാണൂ എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങിനെ വിശ്വസിക്കാനാണ് എനിക്കാഗ്രഹം. കരമനയുടെ പരിസരത്തു പൊങ്കാലയിട്ട, എന്നോടൊപ്പം യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ച ഒരു മുസ്‌ലിം പെൺ സുഹൃത്തിനോട് ഞാനിക്കാര്യം പറഞ്ഞപ്പോൾ അവർ പ്രതികരിച്ചത്, തണലുള്ള ഒരിടം നോക്കി നിന്നതാകും എന്നാണ്. അങ്ങിനെ ആയിരിക്കണേ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

പക്ഷെ, അങ്ങിനെയല്ല എന്നത്, എന്റെ സഹോദരിമാരെ, അമ്മമാരെ, എന്നെ ഭയപ്പെടുത്തുന്നു. മുപ്പത്തിരണ്ട് വർഷങ്ങൾക്കു മുൻപ് യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയായിരുന്നു ഞാൻ. ഞാൻ അവിടെ ചെല്ലുന്ന വര്ഷം, മുന്നിലെ വഴിയിലെ കൊടിമരത്തിൽ ഒരു നീലക്കൊടി ഉണ്ടായിരുന്നു. അത് കെ എസ യുവിന്റേതായിരുന്നു. അതെ വർഷം, ആ കൊടി അവിടെ നിന്ന് മാറ്റപ്പെട്ടു. പിന്നെ നക്ഷത്രാങ്കിത ശുഭ്രപതാക അല്ലാതെ മറ്റൊന്നും ഞാനവിടെ കണ്ടിട്ടില്ല. ഇന്ന് യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ പൊങ്കാല ഇടുന്നതിനായി, പ്രാദേശിക ഹിന്ദുത്വ പ്രവർത്തകർ, പ്രിനിസിപ്പാലിന്റെ ഉത്തരവ് വകവെയ്ക്കാതെ ഇടിച്ചു കയറി നിങ്ങൾക്ക് അതിനുള്ള സൗകര്യങ്ങൾ ചെയ്തു തന്നു. നിങ്ങൾക്ക് അത് പൊങ്കാല ഇടാനുള്ള ഒരു സ്ഥലം ആയിരുന്നെങ്കിൽ, അതിനു വഴിയൊരുക്കിയവർക്കു അതൊരു രാഷ്ട്രീയ-മത -പ്രത്യയ ശാസ്ത്ര വിജയം കൂടിയായിരുന്നു. 

Image may contain: 1 person, sitting

എന്റെ സഹോദരിമാരും അമ്മമാരും ആ രാഷ്ട്രീയക്കളിയിലെ കേവലം ഉപകരണങ്ങൾ മാത്രം ആയി എന്ന കാര്യം എല്ലാവരും തിരിച്ചറിയണം എന്ന് ഞാൻ അപേക്ഷിക്കുന്നു. നിലവിലുള്ള സാഹചര്യത്തിൽ മതത്തെയോ മതാചാരങ്ങളെയോ തുറന്നു വിമർശിക്കുന്നത് സ്വത്തിനും ജീവനും അപകടമായതിനാൽ ഞാൻ അതിലേയ്ക്ക് കടക്കുന്നില്ല. പൊങ്കാല ഇടുന്നതും ഇടാത്തതും ഒക്കെ നിങ്ങളുടെ ഇഷ്ടം. പക്ഷെ ആറ്റുകാൽ ദേവി ക്ഷേത്രവും യൂണിവേഴ്സിറ്റി കോളേജ്-ഉം തമ്മിലുള്ള ദൂരം നിങ്ങൾ ഒന്ന് കണക്കാക്കുക. ഇത്രയും ദൂരത്താണ് നിങ്ങൾ പൊങ്കാലയിടാൻ ശ്രമിക്കുന്നതെങ്കിൽ, എന്തുകൊണ്ട് ആറ്റുകാൽ ദേവിയുടെ പേരിലുള്ള പൊങ്കാല കേരളത്തിൽ അന്ന് പൊങ്കാലയിടാൻ ആഗ്രഹിക്കുന്നവരുടെയെല്ലാം വീടുകളിലേക്ക് ആക്കിക്കൂടാ? എവിടെ നിങ്ങൾ പൊങ്കാലയിടുന്നുവോ അവിടെ ദേവി ഉണ്ടാകും എന്നാണല്ലോ നാം സങ്കൽപ്പിക്കുന്നത്. അപ്പോൾ അത് കേരളത്തിലെ നാനാ ജാതി മതസ്ഥർ പങ്കെടുക്കുന്ന ഒരു പുണ്യദിനമായി മാറും. അങ്ങിനെ എന്ത് കൊണ്ട് ചിന്തിക്കുന്നില്ല?

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കോളേജുകളിൽ ഒന്നാണ് യൂണിവേഴ്സിറ്റി കോളേജ്. അത് മത നിരപേക്ഷമായ പാരമ്പര്യം ഉള്ള ഒന്നാണ്. ഇടതു പക്ഷത്തിന്റെ ഒരു കോട്ട ആയിരുന്നു എന്നതിന് കാരണം, പാർട്ടിയുടെ സംഘടനാശക്തിയും അധികാരകേന്ദ്രങ്ങളോടുള്ള സാമീപ്യവും ആയിരുന്നു. എങ്കിലും, പലവട്ടം വിദ്യാർത്ഥി സമരങ്ങൾക്കിടയിൽ പോലീസിന്റെ ക്രൂരമായ മർദ്ദനങ്ങൾക്കു ഈ കോളേജിലെ വിദ്യാർത്ഥികൾ ഇരയായിട്ടുണ്ട്. ഒരു സംഘടനയുടെ മൊണോപൊളി ഇല്ലാതാക്കി അവിടെ നാളെ ഹിന്ദുത്വ വിദ്യാർത്ഥി സംഘടനയുടെകൊടി ഉയർത്തുന്നതിന് ആദ്യത്തെ പടി മാത്രമാണ് ഇന്ന് കണ്ടത്. അതിന് പ്രിയപ്പെട്ട സഹോദരിമാരെയും അമ്മമാരെയും ഉപയോഗിക്കുകയായിരുന്നു എന്ന് മാത്രമേ പറയാൻ കഴിയൂ. ഇന്ന് നടന്നതിൽ ഭക്തിയോ ദേവി പ്രാർത്ഥനയോ ഒന്നും തന്നെയില്ല. ഇത് കേവലമായ രാഷ്ട്രീയം മാത്രമാണ്.

Image may contain: 1 person, tree, table and outdoor

തിരുവനന്തപുരം ജില്ലയിലെ ഏതൊക്കെ സ്‌കൂളുകളിൽ പൊങ്കാല ദിനം അതിനായി തുറന്നു കൊടുക്കുന്നു എന്ന് എനിയ്ക്കറിയില്ല. ഇനി അഥവാ തുറന്നു കൊടുക്കുന്നുണ്ടെങ്കിൽ തന്നെ അതിന് രാഷ്ട്രീയപരമായ അർഥം ഹിന്ദുത്വ ശക്തികൾ കൽപ്പിക്കുന്നില്ല. ഇനി അഥവാ സ്‌കൂളുകളും കോളേജുകളും അവയുടെ കാമ്പസുകൾ പൊങ്കാലയ്ക്കായി തുറന്നു കൊടുക്കുന്നെങ്കിൽ അത് ആ സ്ഥാപനത്തെ നയിക്കുന്നവരുടെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും. യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പാൾ  കോളേജിനുള്ളിൽ പൊങ്കാലയിടരുത് എന്ന് സർക്കുലർ ഇറക്കിയിട്ടുണ്ടെങ്കിൽ അതിനെ ജനാധിപത്യപരമായി അംഗീകരിക്കാനുള്ള വിവേചനബുദ്ധി ഹിന്ദുത്വ ശക്തികൾ കാട്ടണം. പക്ഷെ അത് നമുക്ക് പ്രതീക്ഷിക്കാൻ കഴിയില്ല. സ്ത്രീകളെ കരുവാക്കികൊണ്ടു നടത്തിയ ഈ പിടിച്ചടക്കൽ  സത്യത്തിൽ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഇവിടത്തെ  സ്ത്രീകൾക്ക് ലഭിച്ചിരുന്ന മതപരമായ നിർണ്ണായകത്വത്തെ ഇല്ലാതാക്കിയിരിക്കുകയാണ്. സ്ത്രീകളെ കരുവാക്കി പുരുഷന്മാർ നടത്തിയ ഒരു രാഷ്ട്രീയ നീക്കമാണിത്.

എന്താണിതിനൊരു പരിഹാരം? കേരള സർക്കാരിന് ആറ്റുകാൽ ക്ഷേത്രം ഭാരവാഹികൾക്കെതിരെ പ്രോട്ടോക്കോൾ ലംഘനത്തിന് കേസിനു പോകാം. പക്ഷെ അതിനുള്ള ആർജ്ജവം വോട്ടു രാഷ്ട്രീയത്തിൽ സർക്കാർ എടുക്കും എന്ന് കരുതുവാൻ വയ്യ. പക്ഷെ കേരളത്തിലെ പ്രബുദ്ധതയില്ല എന്ന് അനുദിനം തെളിയിച്ചു കൊണ്ടിരിക്കുന്ന ജനങ്ങൾക്ക് വൈകാരികത അല്പം മാറ്റി വെച്ച് കൊണ്ട്, സാമാന്യബുദ്ധിയ്ക്കു നിരക്കുന്ന ഒരു തീരുമാനം എടുക്കാം. അതായത്, മതത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറത്തു നിറുത്തുക. വിദ്യാഭ്യാസത്തെ മതനിരപേക്ഷമാക്കുക. മതപഠനം ആവശ്യമുള്ളവർ അത് പുറമെ പഠിക്കുക. കലാലയങ്ങളിലെ മത-ജ്ഞാന പഠനത്തെ സാമാന്യ മതാചാരങ്ങളിൽ നിന്ന് വിഘടിപ്പിക്കുക. ഭരണഘടനാ ഇതൊക്കെത്തന്നെയാണ് ഉറപ്പു നൽകിയിട്ടുള്ളത്. പക്ഷെ, നമ്മൾ അതൊക്കെ മറന്നു പോയിരിക്കുന്നതിനാൽ, അവയെ ഒന്ന് കൂടി പഠിക്കാൻ തുടങ്ങണം. കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതപരമായ ഒരു ചടങ്ങുകളും ഉണ്ടാകാൻ പാടില്ല എന്ന തീരുമാനം ഉണ്ടാകണം. അതിനു വേണ്ടത്, രാഷ്ട്രീയത്തെ മത വിമുക്തമാക്കുകയാണ്. പക്ഷെ കേരളത്തിൽ മതം രാഷ്ട്രീയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് വലിയ അപകടമാണ്.

Image may contain: one or more people and outdoor

അമ്മമാരെ, സഹോദരിമാരെ, എന്ത് കൊണ്ടാണ് നിങ്ങളെ അവർ തിരുവനന്തപുരത്തു തന്നെ വന്നു പൊങ്കാലയിടണം എന്ന് നിർബന്ധിക്കുന്നത്? എന്ത് കൊണ്ട് പൊങ്കാലകൾ ഇങ്ങനെ കേരളത്തിൽ മുളച്ചു വളരുന്നു. അതിനു കാരണം സാമ്പത്തിക താത്പര്യങ്ങളാണ്. കോടിക്കണക്കിനു രൂപയാണ് ക്ഷേത്ര വരുമാനമായും അനുബന്ധ വ്യാപാരങ്ങളുമായും നടക്കുന്നത്. ക്രിസ്തുമസും ഓണവും കച്ചവട ഉത്സവങ്ങൾ ആയതു പോലെ പൊങ്കാലകൾ സാമ്പത്തിക താത്പര്യങ്ങൾക്ക് മതത്തിന്റെ പകിട്ട് നൽകി നടത്തപ്പെടുന്നവയാണ്. ഇതിനെ ചെറുക്കേണ്ടത് സഹോദരിമാരെ, അമ്മമാരേ നിങ്ങളുടെ ആവശ്യമാണ്. ഇല്ലെങ്കിൽ, നാളെ നിങ്ങൾ പൊങ്കാലയിട്ട അതെ കോളേജ് കാമ്പസുകളിൽ മതത്തിന്റെ പേരിൽ നടക്കുന്ന സംഘർഷങ്ങളിൽ നിങ്ങളുടെ മക്കളുടെ തന്നെ ചോര വീഴും. ഒരു കാര്യം നിങ്ങൾ തിരിച്ചറിയുക. നിങ്ങളുടെ മോക്ഷം നിങ്ങളുടെ മാത്രം കാര്യമാണ്. നിങ്ങൾ എവിടെയാണോ അവിടെയാണ് ദേവീ ചൈതന്യം. ഒന്ന് ചിന്തിച്ചു നോക്കണം എന്ന അപേക്ഷയോടെ,

സഹോദരൻ 

അക്ഷരാനന്ദ  


Loading...