15-08-2018

​തോമസ് ചാണ്ടി വക കുട്ടനാടൻ അപാരത

Cover Story | കൊച്ചി


ഇന്ത്യൻ റയിൽവേയിൽ നടത്തിയ പരിഷ്കാരങ്ങളുടെ പേരിൽ വർഷങ്ങൾക്ക് മുൻപ് റെയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിനെ വിദേശ സർവ്വകലാശാലകൾ പ്രത്യേക ക്ഷണിതാവായി വിളിച്ചിരുന്നു എന്ന് എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. നിയമങ്ങൾ ലംഘിക്കാനുള്ള വൈദഗ്ധ്യത്തിന്റെ പേരിൽ ഇത്തരത്തിൽ ഒരു ക്ഷണം ആർക്കെങ്കിലും നൽകുന്നെങ്കിൽ അതിന് ഏറ്റവും യോഗ്യൻ പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് പക്ഷ സർക്കാരിലെ ഒരു മന്ത്രി എല്ലാ തരത്തിലും യോഗ്യനാണെന്ന് പറയാനാകുന്ന തരത്തിലാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. കച്ചവടക്കാരനെ പിടിച്ച് മന്ത്രിയാക്കിയാൽ ഇങ്ങനെയിരിക്കും എന്ന കേവല ഹാസ്യം കൊണ്ട് ചിരിച്ച് തള്ളേണ്ട ഒന്നല്ല ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി തോമസ് ചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന നിയമ ലംഘനങ്ങൾ.  
 
തെളിവുകൾ പുറത്ത് വന്നിട്ടും നിയമലംഘനങ്ങൾക്ക് കുടപിടിക്കുന്ന സമീപനമാണ് സി.പി.എം ഉം ഇപ്പോൾ സിപിഐ ഉം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുവരെ ശക്തമായ നിലപാട് സ്വീകരിച്ച റവന്യു മന്ത്രിയുടെ പാർട്ടി പത്രത്തിൽ അടക്കം റിസോർട്ടിൻറെ പരസ്യം വന്നിരിക്കുന്നു. ആലപ്പുഴ ജില്ലാ കളക്ടർ അനുപമയുടെ റിപ്പോർട്ടിനെതിരെ കോടതിയിൽ പോയപ്പോൾ തോമസ് ചാണ്ടി ഉന്നയിച്ച വാദങ്ങൾ എല്ലാം കള്ളമാണെന്നത് റിപ്പോർട്ട് പുറത്തായതോടെ തെളിഞ്ഞിരിക്കുകയാണ്. തങ്ങളുടെ വാദം കേട്ടില്ലെന്ന് പറയുന്ന തോമസ് ചാണ്ടി, പച്ചക്കള്ളമാണ് മാധ്യമങ്ങൾക്കും കോടതിക്ക് മുന്നിലും പറഞ്ഞിരിക്കുന്നത്. സെപ്റ്റംബർ മാസം 26 നാണ് റിസോർട്ട് കമ്പനി എം.ഡി മാത്യു ജോസഫ് പങ്കെടുത്ത് രേഖകൾ ഹാജരാക്കിയിട്ടുണ്ട്.


നിലവിൽ ഫിഷറീസ് വകുപ്പിൻറെ ഫണ്ടുപയോഗിച്ച് ആദ്യ 250 മീറ്റർ ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ടാർ ചെയ്തതിൻറെ പ്രയോജനം റിസോർട്ടിന് മാത്രമാണ് ലഭിക്കുന്നത്. റോഡിൻറെ യഥാർത്ഥ ഗുണഭോക്താക്കളായ 8 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്നില്ല. തുറമുഖ വകുപ്പ് നിർമ്മിച്ച് കൊടുത്ത വലിയ കുളം-സീറോ ജെട്ടി റോഡ് ടാറിംഗിന് ചെലവിട്ടത് ഇരുപത്തി എട്ടര ലക്ഷം രൂപയാണ്. പിജെ കുര്യന്‍റെയും കെഇ ഇസ്മയിലിന്‍റെയും എംപി ഫണ്ട് വാങ്ങി നിർമ്മിച്ച പ്രസ്തുത റോഡിന് ടെണ്ടർ വിളിക്കാതെയാണ് നിർമ്മാണം എന്നതാണ് മറ്റൊരു കാര്യം.അഞ്ച് ലക്ഷം രൂപയില്‍ കൂടിയാല്‍ ടെണ്ടര്‍ വിളിക്കേണ്ടി വരും എന്ന നിയമത്തിന്റെ നൂലാമാല മറികടക്കാൻ  ഒരു കിലോമീറ്റര്‍ റോഡിനെ അഞ്ച് കഷണങ്ങളാക്കി മുറിച്ചാണ് നിർമ്മാണ പ്രവർത്തനം നടന്നിരിക്കുന്നത്. അഞ്ചുലക്ഷം രൂപ വരെയുള്ള പ്രവൃത്തി ഗുണഭോക്തൃ കമ്മിറ്റികള്‍ക്ക് ചെയ്യാം. അങ്ങനെ ടെണ്ടര്‍ വിളിക്കാതെ റോഡ് നിര്‍മ്മിച്ചു. ഗുണഭോക്തൃ കമ്മിറ്റിയെ തെരഞ്ഞെടുക്കാന്‍ യോഗം ചേര്‍ന്ന് അതില്‍ നിന്ന് ആ പ്രദേശത്ത് താമസിക്കുന്ന ആ റോഡിന്‍റെ ഗുണഭോക്താവിനെയാണ് കണ്‍വീനറാക്കേണ്ടത്. എന്നാൽ തോമസ് ചാണ്ടി ചെയ്തത് തന്‍റെ ജീവനക്കാരനെ കൺവീനറുടെ കുപ്പായമിടീക്കലായിരുന്നു. എന്നാൽ അങ്ങനെയൊരു യോഗം വിളിച്ച് ചേര്‍ത്തിട്ടില്ലെന്ന് അന്നത്തെ വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നു. ലേക്ക് പാലസ് ഹോട്ടലിലെ കുറേ ജീവനക്കാരുടെ ഒപ്പുവാങ്ങി പേപ്പര്‍ കമ്മിറ്റി മാത്രമാണുണ്ടായതെന്നും ആരോപണമുണ്ട്.

കളക്ടർ അന്വേഷണങ്ങൾക്കൊടുവിൽ എത്തിച്ചെർന്ന നിഗമനങ്ങൾ ഇങ്ങനെയാണ്, തോമസ് ചാണ്ടിയുടെ റിസോർട്ടിന് സമീപത്തെ ഇപ്പോൾ  പാർക്കിംഗ് ഏരിയയായി മാറ്റിയ സ്ഥലം മന്ത്രിയുടെ ബന്ധുവായ ലീലാമ്മ ഇശോയുടെതാണ്. ഈ പ്രദേശം തണ്ണീര്ത്തടങ്ങളിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു.  2003 മുതൽ ഈ പ്രദേശത്ത് കാര്യമായ സംഭവിച്ചിട്ടുണ്ട്. റിസോർട്ടിലേക്ക് മുൻപ് ഉണ്ടായിരുന്ന ബണ്ട് ക്രമേണ വീതികൂട്ടി .ഈ വീതി കൂട്ടൽ കൃത്യമായി കണക്കാക്കാൻ കളക്ടർക്ക് സാധിച്ചിട്ടില്ല. അതിനു സാങ്കേതിക സഹായം ആവശ്യമാണ്. എങ്കിലും 2008 നു മുമ്പുള്ള നികത്തലിൽ കേരളം ലാന്റ് യൂട്ടിലൈസേഷൻ ഓഡർ ലംഘിച്ചിട്ടുള്ളതായി കളക്ടർ ചൂണ്ടിക്കാട്ടുന്നു. 

2012 വരെ റിസോർട്ടിലേക്ക് കരമാര്ഗം വാഹനം വരുന്നതിനു റോഡുണ്ടായിരുന്നില്ല. ബോഡിലൂടെയാണ് വിനോദ സഞ്ചാരികളെ എത്തിച്ചിരുന്നത് . എന്നാൽ 2013 ആയപ്പോഴേക്കും റിസോർട്ടിന്റെ ഗേറ്റിലേക്ക് എത്തുന്ന ഭാഗത്ത് നെൽവയൽ നികത്തി അപ്രോച്ച് റോഡുണ്ടാക്കി. പിന്നീട് ഇത് MPLADS റോഡിനു സമാന്തരമായി വടക്കു ഭാഗത്തേക്ക് വീതി കൂട്ടിയെടുക്കുകയായിരുന്നു.സമീപത്തെ തോട് കല്ലുകെട്ടി റിസോർട്ടിലേക്ക് റോഡുണ്ടാക്കുന്നതിനു ഉദ്ദ്യോഗസ്ഥരുടെ അടക്കം സഹായം കമ്പനിക്ക് ലഭിച്ചതായും കളക്ടർ കണ്ടെത്തുന്നുണ്ട്.

" പഴയ ബണ്ടിന് പുറത്തേക്ക് കൂടുതൽ സ്ഥലം നികത്തിയെടുത്ത് നിരപ്പാക്കി പുതിയ ബണ്ട് റോഡാക്കി മാറ്റി ഇവിടം പാർക്കിംഗ് സ്ഥലമാക്കിയിരിക്കുകയാണെന്ന് താഴെ പറയുന്ന തെളിവുകൾ വ്യക്തമാക്കുന്നുണ്ട്." തുടർന്ന് മന്ത്രിയുടെ റിസോർട്ട് നടത്തിയ നിയമലംഘനങ്ങളും കൈയേറ്റവും എണ്ണമിട്ട് അവതരിപ്പിക്കുകയാണ് കളക്ടർ ചെയ്തിരിക്കുന്നത്.

65.8 സെന്റ് സ്ഥലം മണ്ണിട്ട് നികത്തിയിരിക്കുന്നതായും കളക്ടറുടെ റിപ്പോർട്ട് പറയുന്നു. വാട്ടർവെൽഡ് കമ്പനിയിലേക്കുള്ള റോഡ് നിർമാണത്തിൽ വൻ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ട്.സ്ഥലമുടമകൾ കമ്പനിയുമായി ബന്ധമുള്ളവരായതിനാൽ പരിസരത്തുള്ള ജനങ്ങൾ കമ്പനിയെ ചോദ്യം ചെയ്യാൻ തയ്യാറാകുന്നില്ല. കയ്യേറ്റ ഭൂമി പൂർവ്വ സ്ഥിതിയിലാക്കാൻ സെക്ഷൻ 13 പ്രകാരമുള്ള അധികാരം വിനിയോഗിക്കുന്നതിനു മുന്നോടിയായി നടന്ന വിചാരണയും അന്വേഷണവും പൂർത്തിയായിട്ടുണ്ട്. സർക്കാർ ഏജൻസി മുഖേന ഉപഗ്രഹ ചിത്രങ്ങൾ ലഭിച്ചതിനു ശേഷം ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കുമെന്നും കളക്ടർ പറഞ്ഞു വെക്കുന്നുണ്ട്.

 കോൺഗ്രസ് മൗനം പാലിച്ചതും സിപിഐ മലക്കം  മറിഞ്ഞതും സിപിഎം അയഞ്ഞു നിൽക്കുന്നതും ഈ അഴിമതി അന്വേഷണ വിധേയമായാൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അഴിമതിയിലുള്ള രാഷ്ട്രീയ ഐക്യം പുറത്ത് വരും എന്നത് കൊണ്ടായിരിക്കണം. അന്വേഷണങ്ങളും കോലാഹലങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. രാജി വെക്കാൻ പറഞ്ഞെന്നും ഇല്ലെന്നും പറയുന്നുണ്ട്. ജനങ്ങളുടെ നികുതിപ്പണം വെട്ടിച്ച നിയമങ്ങൾ എല്ലാം ലംഘിച്ച ഒരു കോടീശ്വരൻ നമ്മളെയെല്ലാം ഭരിക്കുന്ന മന്ത്രിയായിരിക്കുന്ന ഈ കാലത്ത് എത്ര റിപ്പോർട്ടുകൾ വന്നാലും ഏതൊരു ഗവണ്മെന്റിന്റെ കാലത്തും അത്തരം റിപ്പോർട്ടുകൾ പെട്ടിക്കകത്ത് കിടക്കുകയെ ഉള്ളൂ. ഈ റിപ്പോർട്ടിനും ആ ഗതി ഉണ്ടാകാതിരിക്കട്ടെ.


Loading...