25-04-2018

​ഗോധ്ര ഇനിയും ബാക്കി നിൽക്കുന്നു

Cover Story | കൊച്ചി


ഗുജറാത്ത്‌ മുൻ മുഖ്യമന്ത്രി സുരേഷ്‌ മെഹ്തയുടെ വെളിപ്പെടുത്തലോട്‌ കൂടി ഗോധ്ര തീ വെപ്പ്‌ വീണ്ടും ചർച്ചയാകുമെന്ന പ്രതീക്ഷയിലാണ്. പക്ഷെ രണ്ട്‌ ദിവസത്തെ ആയുസ്സിനു ശേഷം ഗോധ്രയും അതിനെ  തുടർന്ന് നടന്ന വംശീയ കലാപവും വീണ്ടും വിസ്മൃതിയിലേക്ക്‌ പോകുമെന്ന കാര്യം തർക്കരഹിതമാണു.
മുസഫർപ്പൂരിൽ നിന്നും അഹമ്മദാബാദിലേക്ക്‌ പോവുകയായിരുന്ന സബർമ്മതി എക്സ്പ്രസ്സിൽ രാമക്ഷേത്ര  നിർമ്മാണവുമായി ബന്ധപ്പെട്ട്‌ വിശ്വഹിന്ദു പരിഷത്ത്‌ സംഘടിപ്പിച്ച പൂർണ്ണഹൂതി മഹായജ്ഞത്തിൽ പങ്കെടുത്ത്‌ മടങ്ങുകയായിരുന്ന 2000 തോളം കർസ്സേവകർ അയോധ്യയിൽ നിന്നും കയറിയിരുന്നതായാണു റിപ്പോർട്ട്‌. തുടർന്ന് ട്രയിൻ ഫെബ്രുവരി 27 നു രാവിലെ ഗോധ്ര സ്റ്റേഷനിൽ എത്തിയപ്പോൾ സ്‌ -6 കോച്ചിൽ തീ പടർന്ന് പിടിക്കുകയും 27 സ്ത്രീകളും 10 കുട്ടികളുമടക്കം 59 പേർ മരണപ്പെടുകയും ചെയ്തിരുന്നു. 

2002 ലെ ഈ സംഭവം അതിന്റെ അനുഭവദിനം മുതൽ സംശയങ്ങളിലൂടെയും ആരോപണങ്ങളിലൂടെയുമാണു കടന്നു പോയത്‌. പുതിയ വെളിപ്പെടുത്തലുകൾ ഉന്നയിക്കപ്പെട്ടിട്ടുള്ള സംശയങ്ങൾക്ക്‌ ബലം പകരുന്നതും ഹിന്ദുത്വ ഭീകരതയുടെ മുഖം കൂടുതൽ വ്യക്തമാക്കുന്നതുമാണു. 
ഗോധ്ര സംഭവത്തിനു ശേഷം നരേന്ദ്ര മോഡി ജസ്റ്റിസ്‌ ജി.പി. നാനാവതി,  ജസ്റ്റിസ്‌ കെ ജി ഷാ എന്നിവർ അംഗങ്ങളായ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. 

ഗോധ്ര തീ വെപ്പ്‌ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നാണു നാനാവതി കമ്മീഷൻ കണ്ടെത്തിയത്‌. കർസ്സേവകർ സഞ്ചരിച്ച എസ്‌ 6 കോച്ച്‌ കത്തിക്കാൻ മൗലവി ഉമർജ്ജിയും 6 പേരും ചേർന്ന് പദ്ധതി തയ്യാറാക്കിയെന്നും ഒരു രാത്രി മുഴുവൻ ആസൂത്രണത്തിന്റെ ഭാഗമായി അമാൻ ഗസ്റ്റ്‌ ഹൗസിൽ തങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ 140 ലിറ്റർ പെട്രോൾ കണ്ടയിനറുകളിൽ വാങ്ങി പിന്നീട്‌ ഇതൊഴിച്ച്‌ ട്രയിൻ കത്തിക്കുകയായിരുന്നുവെന്നും തീ പിടിച്ച കോച്ചിൽ നിന്നും അവ്ലുകൾ രക്ഷപ്പെടാതിരിക്കാൻ എസ്‌ 6. എസ്‌ 7 കോച്ചുകൾക്ക്‌ നേരെ 20 മിനിറ്റോളം കല്ലെറിഞ്ഞുവെന്നും നാനാവതി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ജസ്റ്റിസ്‌ നാനാവതി കണ്ടെത്തിയ വസ്തുതകളെ ഖണ്ഡിച്ച് കൊണ്ടാണു യു പി എ സർക്കാരിൽ റെയിൽ വേ മന്ത്രിയായിരുന്ന ലാലുപ്രസാദ്‌ യാദവ്‌ നിയോഗിച്ച സുപ്രീം കോടതി റിട്ടേർഡ്‌ ജഡ്ജ്‌ ആയ ജസ്റ്റിസ്‌ യു. സി ബാനർജ്ജിയുടെ കണ്ടെത്തൽ. 

അക്രമികൾ പുറത്ത്‌ നിന്നും കടത്തി കൊണ്ട്‌ വന്ന പെട്രോൾ ഒഴിച്ച്‌ ട്രെയിനിനു തീ വെക്കുകയായിരുന്നുവെന്ന വാദഗതി ബാനർജ്ജി കമ്മീഷൻ പൂർണ്ണമായും നിരാകരിച്ചു. സബർമ്മതി എക്സ്പ്രസ്സിന്റെ എസ്‌ 6 കോച്ചിനു ആകസ്മികമായാണു തീ പടർന്നതെന്നും പുറത്ത്‌ നിന്നും തീ പിടിക്കുന്ന എന്തെങ്കിലും അകത്തേക്ക്‌ എറിഞ്ഞിട്ടുണ്ടാകാനുള്ള സാധ്യതയില്ലന്നും കമ്മീഷൻ ഉറപ്പിച്ച്‌ പറയുന്നു. കോച്ചിനുള്ളിൽ ഭക്ഷണം പാകം ചെയ്തതോ കത്തുന്ന സിഗററ്റ്‌ ഉപേക്ഷിച്ചതോ ആകാം അപകട കാരണമെന്നാണു ബാനർജ്ജി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്‌. ആദ്യം കത്തുന്ന മണവും പിന്നീട്‌ കനത്ത പുകയും അതിനു ശേഷം തീയുമാണുണ്ടായതെന്നും പുറത്ത്‌ വസ്തു തീ പിടിത്തത്തിനു കാരണമായാൽ ഇങ്ങനെ സംഭവിക്കില്ലെന്നും ബാനർജ്ജി കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടി കാട്ടിയിരുന്നു. തൃശൂലം ധരിച്ച കർസ്സേവകരായിരുന്നു ട്രെയിനിലെ 90 ശതമാനം യാത്രക്കാരെന്നും പുറത്ത്‌ നിന്നും അക്രമി അകത്ത്‌ കയറിയാൽ ഇവർ കൈയ്യും കെട്ടി നോക്കിയിരിക്കുമായിരുന്നില്ലന്നും റിപ്പോർട്ടിൽ നിരീക്ഷിക്കുന്നുണ്ട്‌ കമ്മീഷൻ, തീയിൽ നിന്നും നിലത്ത്‌ കൂടി ഇഴഞ്ഞ്‌ പുറത്ത്‌ വന്നവരുടെ മൊഴിയും 250 പേർ രക്ഷപ്പെട്ടതും റിപ്പോർട്ട്‌ എടുത്ത്‌ കാട്ടുന്നുണ്ട്‌. പുകയിൽ ശ്വാസം മുട്ടിയാണു 59 പേർ മരിച്ചതെന്ന് ബാനർജ്ജി കമ്മീഷൻ വ്യക്തമായിരുന്നു. 

എന്നാൽ നാനവതി കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക വിചാരണ കോടതി കുറ്റാരോപിതരായ 139 പേരിൽ 94 പേരെ വിചാരണ ചെയ്യുകയും 11 പേർക്ക്‌ വധശിക്ഷയും 20 പേർക്ക്‌ ജീവപര്യന്തവും ശിക്ഷ വിധിച്ചു. ഇതിൽ 63 പേരെ വെറുതെ വിടുകയും ചെയ്ത്‌ കൊണ്ട്‌ 2011 മാർച്ച്‌ ഒന്നിനു വിധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിധിയിലെ ശിക്ഷയും കുറ്റവിമുക്തമാക്കലുമടക്കം ചോദ്യം ചെയ്ത്‌ സമർപ്പിച്ച ഒരു കൂട്ടം ഹർജ്ജികളിൽ തീർപ്പ്‌ കൽപ്പിച്ച്‌ കൊണ്ട്‌ കഴിഞ്ഞ ഒക്ടോബർ 9 നാണു ഗുജറാത്ത്‌ ഹൈക്കോടതി ഡിവിഷൻ ബഞ്ച്‌ വിധി പറഞ്ഞത്‌. 2015 ൽ വാദം പൂർത്തിയായെങ്കിലും 2 വർഷം കഴിഞ്ഞ്‌ 2017 ലാണു വിധി പറഞ്ഞത്‌. 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കി കൊണ്ടും മറ്റ്‌ 20 പേരുടെ ജീവപര്യന്തം ശരിവെച്ച്‌ കൊണ്ടും 63 പേരെ കുറ്റവിമുക്തമാക്കിയത്‌ സ്ഥിരപ്പെടുത്തി കൊണ്ടുമാണു ഹൈക്കോടതി വിധി പറഞ്ഞത്‌. 

നാനവതി കമ്മീഷനും ഗുജറാത്ത്‌ പോലീസും മുഖ്യ സൂത്രധാരനായി കണ്ടെത്തിയിരുന്ന മൗലന ഉമർജ്ജിയും കുറ്റമുക്തരാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു എന്നതാണു വിചാരണയുടെയും അന്വേഷണത്തിന്റെയും മുനയൊടിക്കുന്ന പ്രധാന വസ്തുത. ഉമർജ്ജിയെ ചുറ്റിപറ്റി തയ്യാറാക്കിയ ഒരു കുറ്റവിചാരണയിൽ മുഖ്യപ്രതി തന്നേ നിരപരാധിയായിട്ടും ആരെയോ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണു 31 നിരപരാധികളായ മുസ്ലിം വിഭാഗത്തിലെ ചെറുപ്പക്കാർക്കെതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്‌ എന്നത്‌ പകൽ പോലെ വ്യക്തമാകുന്ന കാര്യമാണ്. 

പട്ടേൽ വിഭാഗം നേതാക്കന്മാർ ഗോധ്ര തീ വെപ്പ്‌ നരേന്ദ്ര മോഡിയുടെ അസൂത്രിത നീക്കമായിരുന്നുവെന്ന് കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. ഇന്നലെ വീണ്ടും സുരേഷ്‌ മെഹ്തയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ രാഷ്ട്രീയ അധികാരം ലക്ഷ്യവെച്ച്‌ ഹിന്ദു വോട്ടുകൾ ഏകീകരിക്കുന്നതിനായി തീവ്ര ഹിന്ദുത്വ സംഘം നടത്തിയ ഭീകരപ്രവർത്തനമാണു ഗോധ്ര തീവെപ്പ്‌ എന്നത്‌ കൂടുതൽ ബലപ്പെടുകയാണു. 2000 ത്തോളം ആളുകൾ കൊല്ലപ്പെടുകയും അത്രതന്നേ ആളുകൾക്ക്‌ പരിക്കേൽക്കുകയും അതിനടുത്ത ആളുകൾ കാണാതാവുകയും ചെയ്ത ഗുജറാത്ത്‌ മുസ്ലിം വംശഹത്യക്ക്‌ കാരണമായി പറഞ്ഞിരുന്നത്‌ ഗോധ്ര ട്രെയിൻ തീവെപ്പ്‌ സംഭവമായിരുന്നു എന്നത്‌ കൂടി ഓർക്കുമ്പോഴാണു ആസൂത്രണത്തിന്റെ വ്യാപ്തി എത്രത്തോളമായിരുന്നു എന്ന് വ്യക്തമാകൂ. 


 


Loading...