15-08-2018

​സൂക്ഷിക്കുക നിങ്ങൾ പ്രോഗ്രാം ചെയ്യപ്പെടുകയാണ്.ഫേസ്ബൂക്ക് മുന്‍ വൈസ് പ്രസിഡൻറ്

Cover Story | കൊച്ചി


സൂക്ഷിക്കുക നിങ്ങൾ പ്രോഗ്രാം ചെയ്യപ്പെടുകയാണ്.

ഫേസ്ബൂക്ക്  ഉപയോഗിക്കരുതെന്ന് മുന്‍ ഫേസ്ബൂക്ക് വൈസ് പ്രസിടന്റ്റ് ചമത് പലിഹപിടിയ. സമൂഹം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി സമൂഹ മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കുന്ന സൈക്കോളജിക്കല്‍ ടൂളുകള്‍ ഫേസ്ബൂക്കിന്റെ നിര്‍മ്മാണത്തില്‍ തങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതായും അത് ഇന്ന് സമൂഹത്തിന്റെ സ്വാഭാവികതയെ നശിപ്പിച്ചിരിക്കുന്നതായും പലിഹപിടിയയുടെ കുറ്റസമ്മതം.  

'' നിങ്ങൾ പ്രോഗ്രാം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്  '' ചമത് മുന്നറിയിപ്പ് നൽകുന്നു. '' അത് നിങ്ങൾ അറിഞ്ഞു കൊണ്ടല്ല സംഭവിക്കുന്നത്. പക്ഷെ നിങ്ങള്ക്ക് ഇപ്പോൾ തീരുമാനിക്കാവുന്നതാണ്. എത്രമാത്രം നിങ്ങൾ തോൽക്കാൻ തയ്യാറാണെന്ന്. '' മനസ്സ് നഷ്ടപ്പെട്ട മൂലധന ശക്തികളുടെ ആവശ്യാനുസരണം ഉപഭോക്താവിനെ രൂപപ്പെടുത്തിയെടുക്കുകയാണ് സോഷ്യൽ മീഡിയകൾ ചെയ്യുന്നതെന്നും  അദ്ദേഹം വിശദീകരിക്കുന്നു. ' ഇന്റർനെറ്റ് വാണിജ്യത്തിന്റെ ചൂഷണാത്മക സ്വഭാവം  ' എന്ന വിഷയത്തിൽ സ്റ്റാൻഫൊർഡ് ഗ്രാജ്യേറ്റ്   സ്കൂളിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം ഉണ്ടാക്കുന്ന അപകടത്തെ കുറിച്ച് കാഴ്ച്ചക്കാരെ അദ്ദേഹം താക്കീത് ചെയ്തു. സമൂഹത്തിന്റെ ചലനത്തെ സൂഷ്മമായി വിലയിരുത്തി ഞങ്ങൾ നിർമ്മിച്ച മാനസീക ഉപകരണങ്ങളാണ് അതിൽ ഉപയോഗിച്ചിരിക്കുന്നത്. സമൂഹത്തിന്റെ സ്വാഭാവിക ചലനത്തെ തകർക്കുന്ന ഉപകരണങ്ങളാണ് ഞങ്ങൾ നിർമ്മിച്ചത് അദ്ദേഹം സമ്മതിക്കുന്നു. അതിനു ഇനി ഒരു പരിഹാരം തന്റെ കൈയ്യിൽ ഇല്ലെന്നു കുറ്റസമ്മതം നടത്തികൊണ്ട്  തന്നെ ഇനിയൊരിക്കലും അത്തരം സമൂഹത്തെ നശിപ്പിക്കുന്ന ടൂളുകൾ താൻ ഉപയോഗിക്കില്ലെന്നും  അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 

' ഞാൻ കഴിഞ്ഞ എഴു വർഷത്തോളം  കഷ്ടിച്ച്  ഫേസ്‌ബുക്ക് ഉപയോഗിച്ചിട്ടുണ്ട് . '' നിങ്ങൾ ആ ഭീകര സത്വത്തിനു ഭക്ഷണം കൊടുക്കുകയാണെങ്കിൽ അതു നിങ്ങളെ തന്നെ ഇല്ലാതാക്കും. നിങ്ങൾ അതിൽ നിന്നും അകന്നു നിൽക്കുകയാണെങ്കിൽ നമുക്കു അതിനെ നിയന്ത്രിക്കാനും മൂക്കുകയർ ഇടാനും ഒരു അവസരമുണ്ട് . '' അദ്ദേഹം കുറ്റസമ്മതം നടത്തുന്നു. 

ഒന്നിൽ നിന്നും മറ്റൊരു പ്രശ്നത്തിലേക്ക് നീളുന്ന  സംഭവങ്ങളുടെ (vicious cycle) ഒരു അവസ്ഥയാണ് ഇത്  ഉണ്ടാക്കിയിരിക്കുന്നത്. സമൂഹത്തിന്റെ ഈ ഭീകരമായ അവസ്ഥയുടെ നിർമ്മാതാക്കളിൽ ഒരാളാണ്   താനെന്നു അദ്ദേഹം  സ്വയം മനസ്സിലാക്കുന്നു. '' ഞങ്ങൾ നിർമ്മിച്ച ഡോപ്പാമൈനാൽ നിയന്ത്രിക്കപ്പെടുന്ന ഹ്രസ്വകാലം നിലനിൽക്കുന്ന പ്രതികരണങ്ങളുടെ കുരുക്ക് എങ്ങനെയാണ് സമൂഹത്തെ സേവിക്കേണ്ടത് എന്ന സ്വാഭാവിക സാമൂഹിക പ്രവർത്തനത്തെ നശിപ്പിച്ചിരിക്കുകയാണ് . അദ്ദേഹം പറയുന്നു.

ഡോപമിൻ എന്ന ഹോർമോൺ ആണു മനുഷ്യ മനസ്സിന്റെ സന്തോഷത്തെ നിർമ്മിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്. അതൊരു അഡിക്ക്റ്റീവ് ഹൊർമൊൺ കൂടിയാണു. പഠനങ്ങൾ  സൂചിപ്പിക്കുന്നത്  92 % യുവജനങ്ങളും സോഷ്യൽ മീഡിയ ദിവസേന ഉപയോഗിക്കുന്നവരാണെന്നാണ് . അതിൽ തന്നെ അഞ്ചിൽ ഒരാൾ വീതം അർദ്ധ രാത്രിയിൽ പോലും ചാറ്റ് ചെയ്യുന്നവരാണ്.

'' പരസ്പര സ്നേഹം ഇല്ലാതായി, കൂട്ടായ പ്രവർത്തനങ്ങൾ ഇല്ലാതായി, തെറ്റായ വിവരങ്ങൾ , തെറ്റായ സത്യങ്ങൾ എന്നിവ മാത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഭൂരിഭാഗവും ഉണ്ടാകുന്നത്. ഇവ ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. '' ചമത് പറയുന്നു. ലോകത്തിലെ മൂലധന ശക്തികൾക്ക് മനസാക്ഷി നഷ്ടമായിരിക്കുകയാണ്. പ്രകൃതിയെയും സമൂഹത്തിനേയും അവർ പണം മാത്രമാക്കിയിരിക്കുകയാണ്. യുവജനങ്ങൾക്ക്‌ മാത്രമാണ് ഭാവിയെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യാൻ സാധിക്കുക എന്നും ചമത് ഓർമ്മപ്പെടുത്തുന്നു. 

ഇത് ആദ്യമായല്ല സോഷ്യൽ മീഡിയ സമൂഹത്തെ നശിപ്പിക്കുകയാണെന്നും മൂലധന താൽപര്യങ്ങൾക്കനുസരിച്ച് മെരുങ്ങിയ ജനത്തെ നിർമ്മിച്ചെടുക്കുകയാണെന്നും ഉള്ള തിരിച്ചറിവുമായി അതിന്റെ നിർമ്മാതാക്കൾ തന്നെ അതിനെതിരെ രംഗത്ത് എത്തുന്നത്. ഫേസ്‌ബുക്കിന്റെ മുൻ പ്രസിഡന്റ് ഷോൺ പാർക്കർ ഇതേ അഭിപ്രായം മുൻപു പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്  '' അടിസ്ഥാനപരമായി ഫേസ്‌ബുക്കിന്റെ ലക്‌ഷ്യം ജനങ്ങളെ ചൂടാക്കി നിർത്തുക എന്നതാണ്. ഫേസ്‌ബുക്ക് മനുഷ്യന്റെ കഴിവുകളെയും മനഃശാസ്ത്രത്തെയും ചൂഷണം ചെയ്യുകയാണ്. ഫേസ്‌ബുക്കിന്റെ നിർമ്മാതാക്കൾ ബോധപൂർവ്വം ഇത്തരം സൈക്കോളജിക്കൽ ടൂളുകൾ അതിന്റെ നിർമ്മാണത്തിൽ പ്രയോഗിച്ചിരിക്കുന്നു. '' 

'' ആഹ്ലാദകരമായ നിമിഷങ്ങളിൽ തലച്ചോറിൽ നിർമ്മിക്കപ്പെടുന്ന ഹോർമോൺ ആണ് ഡോപമിൻ. പുഞ്ചിരിക്കുന്ന മുഖം കാണുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ, ലൈംഗീകതയിൽ ഏർപ്പെടുമ്പോൾ ,ലഹരി ഉപയോഗിക്കുമ്പോൾ ഒക്കെയും ഇത് ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. അത് തന്നെയാണ് സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നതും. ഓക്സിടോസിന് , ഡോപമിൻ എന്നീ ഹോർമോണുകളെ നിയന്ത്രിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങൾ ചെയ്യുന്നത്. ഒരു ലൈക്ക്‌ ലഭിക്കുമ്പോൾ തലച്ചോറിൽ അതിനനുസരിച്ചുള്ള ഹോർമോൺ ഉൽപ്പാദനം നടക്കുന്നുണ്ട്... ഫേസ്‌ബുക്ക് മനുഷ്യന്റെ മനസ്സിനെ കബളിപ്പിക്കുകയാണ്. അത് നമ്മുടെ കൂടെ എപ്പോഴും ഒരാൾ ഉണ്ടെന്ന പ്രതീതി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അത് മനുഷ്യന്റെ അതിജീവന ത്വരയുടെ ഭാഗമാണ്. അതാണ് മനുഷ്യനെ സാമൂഹിക ജീവിയാക്കുന്നതും എന്നാൽ സാമൂഹ്യമാധ്യമങ്ങളുടെ കടന്നു വരവ് ആ സഹവർത്തിത്വം യാന്ത്രികമാക്കിയിട്ടുണ്ട്. '' പ്രമുഖ മനഃശാസ്ത്രജ്ഞ ഇവാ റിട്രോ പറയുന്നു. 

സ്വതന്ത്രമായ ഇന്റർനെറ്റ് സംവിധാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന, ഫ്രീസോഫ്ട്വേർ ഫൗണ്ടേഷൻ സ്ഥാപകൻ കൂടിയായ റിച്ചാർഡ് സ്റ്റാൾമാനെ പോലുള്ളവർ  '' ഫേസ്‌ബുക്ക് ഒരു സുഹൃത്തല്ല, മനുഷ്യന്റെ മനസ്സിന്റെ തന്നെ ചാരനാണെന്നും അതൊരു നിരീക്ഷണ സംവിധാനം മാത്രം ആണെന്നുമാണ് '' വിശേഷിപ്പിച്ചിട്ടുള്ളത്.

സാമൂഹ്യ മാധ്യമങ്ങൾ സമൂഹത്തിന്റെ പ്രതികരണ ശേഷി ഇല്ലാതാക്കുകയും, ജനങ്ങളെ മുതലാളിത്തത്തിന് അനുഗുണമായ യാന്ത്രിക ജീവികളാക്കി മാറ്റുകയുമാണെന്ന വിമർശകരുടെ അഭിപ്രായങ്ങൾക്കു ശക്തി പകരുന്നതാണ് ഇത്തരം സാമൂഹ്യ മാധ്യമങ്ങളുടെ നിർമ്മാതാക്കൾ തന്നെ നടത്തുന്ന വെളിപ്പെടുത്തലുകൾ.ഒക്കുപൈ വാൾസ്ട്രീറ്റ് അടക്കമുള്ള സോഷ്യൽ മീഡിയ ഉയർത്തി കൊണ്ടുവന്ന സമരങ്ങളുടെ ആധികാരികത കൂടി ചോദ്യം ചെയ്യുന്നതാണ് ഈ വെളിപ്പെടുത്തൽ. 


Loading...