21-05-2018

സൗന്ദര്യവും സങ്കടവും ഇഴുകിചേർന്ന ചെറുതുരുത്തിലെ കാണാ കാഴ്ചകളിലേക്ക്..!!

Entertainment | കൊച്ചി


ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കണ്ണിനും മനസ്സിനും കുളിരു പകരുന്ന പച്ചപ്പ്‌ നിറഞ്ഞൊരു സുന്ദരഗ്രാമം. തനിഗ്രാമീണതയും, പ്രകൃതിയുടെ വശ്യതയും കൺകുളിർക്കെ കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് സ്വർഗമാണ് ഈ ചെറുദ്വീപ്.

കൊല്ലം ജില്ലാ ആസ്ഥാനത്ത് നിന്നും ഏകദേശം 15 കിലോമീറ്റര്‍ മാറി കല്ലടയാറിന്റെയും അഷ്ടമുടിക്കായലിന്റെയും ഒത്ത മധ്യത്തില്‍ ഒരായിരം വിസ്മയക്കാഴ്ച്ചകളുമായി ശാന്തസുന്ദരമായ മൺറോതുരുത്ത് നമ്മളെ വരവേല്‍ക്കുകയാണ്. മനസ്സ് നിറയുന്ന ഒരുപിടി കാഴ്ചകള്‍ ഇവിടെ കാണാം.

ഈ തുരുത്തുകള്‍ക്കിടയിലൂടെ ജീവ നാഡി പോലെ വളഞ്ഞും പുളഞ്ഞും ഒഴുകിക്കൊണ്ടിര്‍ക്കുന്ന നൂറുകണക്കിന് കൈത്തോടുകള്‍..!!

കരയില്‍ നിറയെ ഫലവൃക്ഷങ്ങള്‍.. !!

വിവിധ നിറങ്ങളില്‍ വിരിഞ്ഞു നില്‍ക്കുന്ന സസ്യലതാദികള്‍..!!

കരിമീനും കൊഞ്ചും ജെല്ലി ഫിഷും നീന്തിത്തുടിക്കുന്ന ഇടത്തോടുകൾ..!!

മീൻ കോരിയെടുത്തു വരുന്ന കൊച്ചു വള്ളങ്ങൾ, ഇരപിടിക്കുന്ന നീർകാക്കകൾ, അപൂർവയിനം പക്ഷിക്കൂട്ടങ്ങള്‍..!!

തുരുത്തുകള്‍ക്ക് അതിര്‍ത്തിയായി തെങ്ങിൻതോപ്പുകളും പൂക്കള്‍ നിറഞ്ഞ ചെടികളും..!!

നീല നിറത്തിലുള്ള വലകള്‍ കൊണ്ട് മേല്‍ക്കൂരയുണ്ടാക്കിയ ചെമ്മീൻ കെട്ടുകള്‍..!!

തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലൂടെ അകലങ്ങളിലേക്ക് നീണ്ടു പോവുന്ന ചെമ്മണ്‍ പാതകള്‍..!!

കൊച്ചു കൊച്ചു കുടിലുകള്‍.. ഓടു മേഞ്ഞ ചെറിയ വീടുകള്‍..!!

ഇതിനെല്ലാം പുറമേ ഒപ്പം ഒരുപറ്റം നിഷ്കളങ്കരായ ആളുകളും ചേർന്ന് മണ്രോയെ അതിമനോഹരം ആക്കിയിരിക്കുന്നു.. !!

യാത്രാപ്രേമികളുടെ സ്വപനഭൂമിയാണ് മണ്രോ തുരുത്ത്. പോസ്റ്ററുകളില്‍ കാണുന്ന പ്രകൃതി ചിത്രങ്ങളെ വെല്ലുന്ന ദൃശ്യ വിസ്മയം.. പച്ച കലര്‍ന്ന സുവര്‍ണ നിറത്തിന്റെ വിവിധ വര്‍ണ്ണങ്ങളില്‍..
Image may contain: one or more people, tree, outdoor, nature and water

ഈ യാത്രക്ക് ഏറ്റവും അനുയോജ്യമായ സമയം രാവിലെ ആറു മണിയാണ്. ആ സമയത്ത് പോയാല്‍ സൂര്യോദയം അതിസുന്ദരമായി ആസ്വദിക്കാം. വെയില്‍ ചൂടാവുന്നതിനു മുമ്പ് യാത്ര കഴിഞ്ഞു തിരിച്ചെത്തുകയും ചെയ്യാം. മൂന്നു മണിക്കൂറെങ്കിലും എടുക്കും തുരത്തുകള്‍ ചുറ്റിയടിച്ച് കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങിയെത്താന്‍.

സായാഹ്നങ്ങളിലാണെങ്കില്‍ ചക്രവാളത്തിലേക്ക് മടങ്ങുന്ന സൂര്യന്‍റെ സുവര്‍ണ്ണ രശ്മികള്‍ തീര്‍ക്കുന്ന സുന്ദരകാഴ്ചകള്‍ കണ്ണുകള്‍ക്ക് മറ്റൊരു ദൃശ്യ വിരുന്നായിരിക്കും. 
ആയിരം രൂപക്ക് താഴെയാണ് ഒരു തോണിയുടെ ചാര്‍ജ്ജ്. എട്ടു മുതല്‍ പത്ത് പേര്‍ക്ക് വരെ പോവാം. ഷെയര്‍ ചെയ്തെടുത്താല്‍ ഒരാള്‍ക്ക് നൂറു രൂപയേ വരൂ. പക്ഷെ അവിടെ കാണുന്ന കാഴ്ചകള്‍ വിലമതിക്കാനാവാത്തതാണ്.
Image may contain: one or more people, tree, sky, outdoor, nature and water

മൂന്നു വശവും കല്ലടയാർ പുഴ കെട്ടിപ്പിടിച്ചു കിടക്കുകയാണ് മൺറോ തുരുത്തിനെ. ഒരു വശം മാത്രം അഷ്ടമുടിക്കായലിനു വിട്ടു കൊടുത്തിട്ടുണ്ട്. കേണല്‍ ജോണ്‍ മണ്രോ എന്നാ സമര്‍ത്ഥനും പുരോഗമന വാദിയുമായിരുന്ന തിരിവിതാംകൂര്‍ ദിവാനോടുള്ള ആദരസൂചകമായാണ് ഈ പേര് നല്‍കിയത്. എണ്ണായിരത്തോളം ജനങ്ങളും മൂവായിരത്തോളം കുടുംബങ്ങളും മണ്രോ തുരുത്ത് എന്നാ ഈ ഗ്രാമ പഞ്ചായത്തില്‍ താമസിക്കുന്നു എന്നാണു ഏകദേശ കണക്ക്.

തോണികള്‍ വലിയ പുഴയില്‍ നിന്നും ഇടതു വശത്തെ ചെറിയ തോടിലെക്ക് തിരിയാന്‍ തുടങ്ങി. എക്സ്പ്രസ് ഹൈവേയില്‍ നിന്നും പോക്കറ്റ് റോഡിലേക്ക് കയറിയ പോലെ. ജലപാതയുടെ വീതി കുറയും തോറും കാഴ്ച്ചയുടെ ഭംഗി കൂടുകയായിരുന്നു.
Image may contain: tree, plant, sky, outdoor, nature and water

ഏകദേശം അഞ്ചു മീറ്റര്‍ മാത്രം വീതിയുള്ള തോടിനിരുവശവും തനി നാടന്‍ കാഴ്ചകളാണ്. കാഴ്ചകള്‍ കൂടുതല്‍ അടുത്തേക്ക് വന്ന പോലെ തോന്നി. 
തീരങ്ങളില്‍ നിന്നും വെള്ളത്തിലേക്ക് തല നീട്ടിയിരിക്കുന്ന ചെടികളും പൂക്കളും. കരയിലെ പച്ചപ്പിന്റെ പതിപ്പാണോ എന്നറിയില്ല അരുവിയിലെ വെള്ളം പോലും പച്ച നിറത്തിലാണ് കാണപ്പെടുന്നത്.
Image may contain: plant, tree, grass, outdoor, nature and water

ഒഴുക്ക് നിലച്ച് നിശ്ചലമായിരിക്കുന്ന ജലോപരിതലം കണ്ണാടി പോലെ തിളങ്ങുന്നു. കരയിലെ ചെടികളുടെയും ചെമ്പരതിപ്പൂക്കളുടെയും പുറത്തേക്ക് ചാഞ്ഞിരിക്കുന്ന തെങ്ങുകളുടെയും പ്രതിബിംബം അതേപടി വെള്ളത്തിലും കാണാം. ചിലയിടങ്ങളില്‍ ഇരുവശങ്ങളില്‍ നിന്നും അരുവിയിലേക്ക് നീണ്ടു കിടക്കുന്ന ചെടികള്‍ യാത്രികര്‍ക്ക് മുകളില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന പൂ പന്തല്‍ ഒരുക്കിയ പോലെ തോന്നി. അതി സുന്ദരമായ കാഴ്ചകലായിരുന്നു ഇതെല്ലാം.
Image may contain: tree, plant, sky, outdoor, water and nature

നീളം കൂടിയ മുളക്കമ്പു തോടിന്‍റെ ആഴങ്ങളിലേക്ക് കുത്തിയിറക്കി തോണിക്കാരന്‍ ഞങ്ങളെ മുമ്പോട്ട്‌ നയിച്ച്‌ കൊണ്ടിരുന്നു. തോണി കുത്തുന്നതിനിടയില്‍ തുരുത്തിന്റെ ചരിത്രവും സൗന്ദര്യവും വര്‍ണ്ണിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. തോണി ചെറുതായൊന്നു കുലുങ്ങി.

വീടുകളില്‍ വീട്ടമ്മമാര്‍ ദൈനംദിന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. വെള്ളത്തില്‍ മുങ്ങിത്തപ്പി കക്ക വാരുന്നവരും ആഴങ്ങളില്‍ നിന്ന് കറുത്ത നിറത്തിലുള്ള എക്കലും വാരി ജീവിത മാര്‍ഗ്ഗം തേടുന്ന മണ്രോ നിവാസികളെയും തോണിയാത്രയില്‍ കാണുവാനിടയായി. 
കൃഷി ഉല്‌പന്നങ്ങളുമായി അതിരാവിലെ ചെറു വള്ളത്തിൽ തുഴഞ്ഞുപോകുന്ന സാധാരണക്കാരും ഇവിടുത്തെ പതിവ് കാഴ്ചയാണ്.
Image may contain: tree, plant, sky, outdoor, water and nature

മണ്രോ എന്നാല്‍ ഏതൊരു യാത്രാപ്രേമിയും ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരായിരം കാഴ്ചകളാൽ സമ്പന്നമാണ് മണ്രോയിലെ തുരുത്തുകള്‍..

മുമ്പോട്ടുള്ള യാത്രയില്‍ തുരുത്തുകളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് പാലങ്ങള്‍ കാണാം.. ചെറുതും വലുതുമായവ. ചിലത് കോണ്ക്രീറ്റ് കൊണ്ട് നിര്‍മ്മിച്ചതാണെങ്കില്‍ മറ്റു ചിലത് തെങ്ങ് പോലുള്ള മരത്തടികള്‍ കൊണ്ട് ഉണ്ടാക്കിയതാണ്.

പാലത്തിനടിയിലൂടെ പോവുമ്പോള്‍ ഞങ്ങള്‍ എല്ലാവരും തലകുനിച്ച് തോണിക്കുള്ളിലേക്ക് ഊര്‍ന്നിറങ്ങിയതും അരുവിയിലേക്ക് നീണ്ടു കിടക്കുന്ന ചെടികളെ വകഞ്ഞു മാറ്റിയുമുള്ള ഈ യാത്ര ഓരോ നിമിഷവും പുതിയ പുതിയ അനുഭൂതി പകര്‍ന്നു കൊണ്ടിരുന്നു. 
യാത്രയിലുടനീളം മൺറോയുടെ പച്ചപ്പും തണലും കനാലും നിറഞ്ഞുനിന്നു. സമയം പോവുന്നത് അറിയുന്നതേയില്ല.

എങ്കിലും ചായ കുടിക്കാനായി ഒരു ചെറിയ ഷോപ്പിനു മുമ്പില്‍ തോണികള്‍ സൈഡാക്കി. ടാറിട്ട റോഡിലൂടെ ഒരു മഹീന്ദ്ര പിക്കപ്പ് വാന്‍ ഇടത് വശത്ത്കൂടി ഞങ്ങളെ കടന്നു പോയി. അപ്പോഴേക്കും ആവി പറക്കുന്ന ചൂടന്‍ ചായയും പഴംപൊരിയുമായി സജിത്തേട്ടനും പാര്‍ട്ടിയും മുമ്പിലെത്തി. തോടിനു കുറുകെ കെട്ടിയുണ്ടാക്കിയ സിമന്റ് പാലത്തിനു മുകളിലിരുന്ന് ഞങ്ങള്‍ ചായയുടെ ചൂട് ഉള്ളിലേക്ക് പകര്‍ന്നു തുടങ്ങി.

ഞാനെന്‍റെ ചായക്കപ്പുമായി തുരുത്തിന്റെ കരയിലൂടെ ചെറിയൊരു നടത്തമാരംഭിച്ചു. അരുണും അജുവും കുരുവിളയും ബിലാലുമടക്കമുള്ള സഹായാത്രികള്‍ ഘോരഘോരം ചര്‍ച്ചയിലാണ്. ഞാനാരെയും ബുദ്ധിമുട്ടിച്ചില്ല. കണ്ണുകള്‍ വേറിട്ട കാഴ്ചകള്‍ക്കായി ചുറ്റുപാടും പരതുകയായിരുന്നു. ആ സ്ഥലം ഏകദേശം വിജനമായിരുന്നു. പാലത്തിനിക്കരെ വീടുകളോ കടകളോ ഇല്ല. വിദൂരതയിലേക്ക് നീളുന്ന ഒരു ചെമ്മണ്‍ പാത മാത്രം. വാഹനങ്ങള്‍ പോയത് കൊണ്ടുണ്ടായ ചക്രപ്പാടുകള്‍ കാണാം. തല പോയൊരു തെങ്ങിന്‍ മുകളിലെ പൊത്തില്‍ നിന്നും ഒരു ചെറുകിളി പറന്നു പോയി.

കുറച്ചു മുമ്പോട്ട്‌ നടന്നപ്പോള്‍ ആളൊഴിഞ്ഞു പോയ പോലെ ഉള്ള ഒരു കൊച്ചു വീട് കണ്ടു. ചുമരുകള്‍ ഒക്കെ മരം കൊണ്ട് ഉണ്ടാക്കിയ പോലെയാണ് തോന്നിയത്. കൂടുതല്‍ സമയം കിട്ടിയിരുന്നെങ്കില്‍ തുരുത്തിനുള്ളിലേക്ക് കുറേക്കൂടി നടന്നേനെ. മടങ്ങാനുള്ള വിളി വന്നപ്പോള്‍ തിരിച്ച് തോണിയിലെക്ക് തന്നെ മടങ്ങി.

ജലയാത്ര തുടരുകയാണ്. ചായക്ക് ശേഷമുള്ള യാത്ര കൂടുതല്‍ രസകരമായിരുന്നു. ഇപ്പോഴുള്ള കനാലില്‍ നിന്നും കൂടുതല്‍ ഇടുങ്ങിയ വേറൊരു കൈത്തോട്ടിലെക്ക് തോണികള്‍ തിരിഞ്ഞു. മെയിന്‍ റോഡില്‍ നിന്നും പോക്കറ്റ് റോഡിലേക്ക് കയറിയ പോലെ. ഇപ്പൊ ഒന്ന് കൈ നീട്ടിയാല്‍ രണ്ടു ഭാഗത്തെയും കരകള്‍ തൊടാം എന്ന പോലെ ആയിരിക്കുന്നു. ഇടുങ്ങിയ തൊടുകളിലൂടെയും പച്ചപ്പുല്ലുകള്‍ നിറഞ്ഞ അരികുകള്‍ക്കിടയിലൂടെയും മറ്റും പ്രകടമായ തഴക്കത്തോടെ തോണിക്കാരന്‍ മുളങ്കമ്പ് കുത്തി. ഞെരുങ്ങിയ തോട്ടിലെ ഇടുങ്ങിയ വളവുകളില്‍ തോണിയെ മെരുക്കാന്‍ നല്ലൊരു തോണിക്കാരനു മാത്രമേ കഴിയൂ. ഒരു വളവില്‍ ചെളിയില്‍ പൂണ്ട് മുമ്പോട്ട് പോവാനാവാതെ കുടുങ്ങി ഞങ്ങളുടെ തോണി റിവേഴ്സില്‍ പോരേണ്ടി വന്നിട്ടുണ്ട്.

തുരുത്തിലെ അരുവികളില്‍ നിന്നും വലിയൊരു സിമന്‍റ് പാലത്തിനടിയിലൂടെ കടന്നാല്‍ പിന്നീട് നമ്മള്‍ അഷ്ടമുടിക്കായലിലേക്ക് പ്രവേശിക്കുകയായി. കേരളത്തിന്‍റെ തന്നെ അഭിമാനമായ ഈ കായലിന്‍റെ പ്രൌഡമായ ഓളപ്പരപ്പിലൂടെ കൊച്ചു വള്ളങ്ങള്‍ പതുക്കെ യാത്ര തുടര്‍ന്നു. കായലിനക്കരെ കാണുന്നത് പെരുമണ്‍ എന്ന സ്ഥലമാണ്. ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പെരുമണ്‍ ട്രെയിന്‍ ദുരന്തത്തിന് മൂകസാക്ഷിയായ അഷ്ടമുടിക്കായല്‍ ഇന്നും ആ സങ്കടം പേറി വിതുമ്പുന്നുണ്ടാവാം..

അഷ്ടമുടിയിലെ സവാരി കഴിഞ്ഞ് തോണി തുരുത്തിലെ കനാലുകളിലെക്ക് തന്നെ മടങ്ങിയെത്തി. കാഴ്ചകള്‍ പഴയ പോലെ കണ്ണുകള്‍ക്ക് വിരുന്നേകി കൊണ്ടിരുന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോൾ വലതു ഭാഗത്തായി കയറു പിരിക്കുന്ന കേന്ദ്രങ്ങളാണ് കണ്മുന്നിലെത്തിയത്. സിനിമയിൽ മാത്രം കണ്ടു ശീലിച്ച രംഗത്തിന്റെ ദൃശ്യാവിഷ്കാരം. ചകിരിയുടെ നിറം പൂശിയ വീടുകളും കാഴ്ചകളും. പാകമാക്കിയ ചകിരിക്കൂട്ടം ഒരു യന്ത്രത്തിലൂടെ കയറിയിറങ്ങി വരുമ്പോഴേക്കും നല്ല അസ്സല്‍ കയര്‍ റെഡിയാവുകയായിരുന്നു. അവിടെയെല്ലാം വള്ളം നിർത്തി മതിയാവോളം ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.

ഏകദേശം പതിനൊന്നു മണിയോടെ മണ്രോ തുരുത്തുകള്‍ക്കിടയിലൂടെയുള്ള തോണിയാത്രക്ക് അവസാനമായി..

തോണിയില്‍ നിന്നിറങ്ങും മുമ്പ് ഞാനൊന്ന് കണ്ണടച്ചു. കണ്ണില്‍ പതിഞ്ഞ കാഴ്ചകള്‍ ഒന്ന് കൂടി മനസ്സിലേക്ക് ആവാഹിക്കാന്‍.. പച്ചപ്പ്‌ നിറഞ്ഞ തുരുത്തുകളില്‍ നമുക്ക് നഷ്ടപെട്ട നമ്മുടെ കുട്ടിക്കാലം ആണ് മനസ്സിലേക്കോടി എത്തുക.. കേരളം എന്ന പേരിനു ശരിയായ അർത്ഥം ഉൾകൊള്ളുന്ന സന്മനസുകളുടെ ഒരു ഗ്രാമം.. പൂക്കളും ചെടികളും അരുവികളും കിളികളും ഒക്കെയായി പച്ചപ്പ്‌ നിറഞ്ഞ ഒരു ഫ്രെയിം..! നന്മകളാല്‍ സമൃദ്ദമായ ഒരു തനി നാട്ടിന്‍പുറം..!!

photo courtesySajith Phototree


Loading...