25-04-2018

സമരത്തിന്റെ വസന്തം വിരിയുമ്പോള് ചില ഓർമ്മപ്പെടുത്തലുകൾ , കാസർകോട് കേന്ദ്ര സർവ്വകലാശാല സമരത്തെ കുറിച്ച് പൂർവ്വ വിദ്യാർത്ഥിയായ മുഹമ്മദ് മിറാഷ് എഴുതുന്നു

Campus Live | കാസർകോട്


 കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ വിദ്യാര്ഥികള് നടത്തി വരുന്ന 'അഭയാര്ഥി സമരം' അഞ്ചാം ദിവസം പിന്നിട്ടിരിക്കുകയാണ്. അത്ര  രാത്രികളായി കാമ്പസ് ഉണര്ന്നിരിക്കുന്നു. സി.യു.കെയിലെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരേ, ഈ അവസരത്തില് നിങ്ങള്ക്കൊപ്പം ഉണ്ടാകാന് കഴിയാതെ പോയതിന്റെ നഷ്ടബോധം എനിക്കുണ്ട്. അനുഭവങ്ങളിലൂടെ മൂര്ച്ച വന്ന പ്രതിരോധത്തിന്റെ വികസിത രൂപം ആയിട്ടാണ് ഞാന് ഈ സമരത്തെ കാണുന്നത് എന്ന് ആദ്യമേ പറയട്ടെ.

സി.യു.കെയിലെ വിദ്യാര്ത്ഥി സമൂഹം എന്നും പുറംലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. അവരുടെ പ്രതിരോധങ്ങള്, പ്രതിഷേധങ്ങള് എന്നും കണ്ടു പരിചയിച്ച സമര രൂപങ്ങളുടെ ഒഴുക്കിന് എതിരെയായിരുന്നു. അതു കൊണ്ട്  തന്നെയാണ് അവര് എപ്പോഴും  അധികാരികളുടെ ഫോര്മുലകള്ക്ക് അപ്പുറത്ത് നിന്നതും. വ്യവസ്ഥാപിത കക്ഷികളുടെ ഒത്തുതീര്പ്പ് ഫോര്മുലകള് ഒരിക്കലും സി.യു.കെയിലെ വിദ്യാര്ത്ഥി സമൂഹത്തിനു മുന്നില് വിജയിക്കാതെ പോയതും അതുകൊണ്ട് തന്നെയായിരുന്നു. 

ഈ സമരത്തിന് അവര് നല്കിയ പേര് തന്നെ നോക്കുക, 'സ്റ്റുഡന്റ് റെഫ്യൂജി മൂവ്മെന്റ്'. സര്വകലാശാല അഭയാര്ഥികള് ആക്കി മാറ്റിയ വിദ്യാര്ത്ഥികളുടെ പ്രതിരോധമാണ് അവര് അര്ത്ഥമാക്കുന്നത്. ലോകം അഭയാര്ഥികളാല് നിറഞ്ഞിരിക്കുമ്പോള് ഭരണകൂടങ്ങള് അഭയാര്ഥികളെ സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോള് അതിര് വരമ്പുകള് മാഞ്ഞ ലോകത്തിന്റെ ഐക്യപ്പെടല് കൂടിയാണ് അഭയാര്ഥി എന്ന പേര്. നഷ്ടപ്പെടാന്  ഒന്നുമില്ലാത്ത ഒരു അഭയാര്ഥിക്ക് പ്രതിരോധം എന്നത് അതിജീവനമാണ്. നിലനില്പ്പിനുള്ള ഏകമാര്ഗം അതാവുന്നു. ആ ബോധ്യമാണ് ഗാസയിലെ കുഞ്ഞുങ്ങളെ ഇസ്രായേലി ടാങ്കുകള്ക്കു നേരെ കല്ലെറിയിക്കുന്നത്. അതേ ബോധ്യമാണ് കാശ്മീരിലെ യുവാക്കളെ ഇന്ത്യന് സൈന്യത്തിന് നേരെ മുഷ്ടിചുരുട്ടാന് പ്രാപ്തരാക്കുന്നത്. അവകാശപ്പെട്ട ഇടങ്ങളില് നിന്നുള്ള പുറംതള്ളലുകളെ പോരാടി തോല്പ്പിച്ചാണ്  മനുഷ്യന്റെ ചരിത്രം ഇതുവരെ എത്തിയത് എന്നും ഇനി അങ്ങോട്ടും അതേ അതിജീവന സമരങ്ങള് തന്നെയാണ് നമ്മളെ മുന്നോട്ടു നയിക്കാന് പോകുന്നത് എന്നും രാഷ്ട്രമീമാംസയില് വിദഗ്ദനായ ബഹുമാനപ്പെട്ട വൈസ്ചാന്സിലര്ക്ക് അദ്ദേഹത്തിന്റെ ഗുണകാംക്ഷികള് പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കും.

2009ല് ഇന്ത്യന് പാര്ലമെന്റ് പാസാക്കിയ നിയമത്തോടെ നിലവില് വന്ന കേന്ദ്രസര്വകലാശാലകളുടെ കേരളാ പതിപ്പിന് തുടക്കം തൊട്ടേ വിദ്യാര്ത്ഥി വിരുദ്ധതയുടെ മുഖമായിരുന്നു എന്ന് വ്യസനത്തോടെ പറയേണ്ടി വരുന്നു. കേരളത്തിന്റെ മുഖ്യധാരയില് നിന്നും എക്കാലവും മാറ്റിനിര്ത്തപ്പെട്ട കാസര്ഗോട്ട് സ്വപ്നപദ്ധതിയായി വന്ന സര്വകലാശാലയെ അവിടെ നിന്നും പറിച്ചു നടാന് ആദ്യം തൊട്ട് ശ്രമങ്ങള് നടന്നു. അതിന്റെ ഭാഗമായി തിരുവനന്തപുരത്ത് കാമ്പസ് തുറന്നു. തമിഴ്നാട് കേന്ദ്രസര്വകലാശാല ചെന്നൈയില് കാമ്പസ് തുറക്കുമോ? ഗുല്ബര്ഗയിലെ കര്ണാടക സെണ്ട്രല് യൂനിവേര്സിറ്റി ബാംഗ്ലൂര് നഗരത്തില് കാമ്പസ് തുടങ്ങുമോ? കേവല രാഷ്ട്രീയ വടംവലിയിലും സര്വകലാശാലയുടെ ആസ്ഥാനം "തെക്കോട്ട് എടുക്കാതെ" കാത്ത കാസര്ഗോട്ടെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ജാഗ്രതയെ ആദ്യം തന്നെ പ്രശംസിക്കേണ്ടിയിരിക്കുന്നു. നിയമവിദ്യാഭ്യാസത്തിന് കാസര്ഗോഡ് ജില്ലയില് ഒരു സ്ഥാപനം പോലും നിലവില് ഇല്ലെന്നിരിക്കെ യൂനിവേര്സിറ്റി അതിന്റെ ലോ  ഡിപാര്ട്ട്മെന്റ് തിരുവല്ലയില് തുറന്നു. കാസര്ഗോഡിന്റെ വികസനം ആണ് സ്വപ്നം എന്ന് ഓരോ ചടങ്ങിലും തൊണ്ടകീറുന്ന അധികൃതരുടെ കാസര്ഗോഡിനോടുള്ള മമത മനസ്സിലാക്കാന് ഇത്രയൊക്കെ മതിയാവും. ഈ തീരുമാനങ്ങള് കഴിഞ്ഞ ഭരണത്തില് ഉണ്ടായത് ആണെന്നും എന്നാല് ഇപ്പോള് ആര് വിചാരിച്ചാലും തെക്ക് നിന്നുള്ള രാഷ്ട്രീയ സമ്മര്ദ്ദം അതിജീവിച്ച് അവ കാസര്ഗോട്ട് തിരികെ എത്തിക്കാന് ആവില്ല എന്നുമാണ് ഒരു ചര്ച്ചയില് യൂനിവേര്സിറ്റിയിലെ ഒരു പ്രമുഖ വ്യക്തി പറഞ്ഞത്. അപ്പോള് ഈ ഭരണത്തില് ലഭിച്ച അയ്യങ്കാളി ചെയറും അതിനു കീഴിലെ സ്കൂള് ഓഫ് കള്ച്ചറല് സ്റ്റഡീസും എന്തിന് തിരുവനന്തപുരത്ത് കൊണ്ട് പോയി എന്ന് ചോദിച്ചാലോ?

ഇത് കാസര്ഗോഡിനോടുള്ള സര്വകലാശാലയുടെ മനോഭാവം. ഇനി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില് നിന്നും ഇവിടെ പഠിക്കാന് എത്തുന്ന വിദ്യാര്ത്ഥികളോട് ഉള്ള മനോഭാവം എന്താണെന്ന് നോക്കാം. 2015 ജൂലൈയില് അതായത് കൃത്യം 2 വര്ഷം മുമ്പാണ് ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥിയായി ഞാന് സി.യു.കെയില് എത്തുന്നത്. അന്ന് സര്വകലാശാലയ്ക്ക് കാസര്ഗോഡ് ജില്ലയില് വാടക കെട്ടിടങ്ങളില് പ്രവര്ത്തിച്ചിരുന്ന 5 ഹോസ്റ്റലുകള് ആണ് ഉണ്ടായിരുനത്. കാസര്ഗോഡും പടന്നക്കാടും ഓരോ പുരുഷ ഹോസ്റ്റലുകള്, മാസ്തിഗുഡ്, ബേര്ക്ക,പടന്നക്കാട് എന്നിവിടങ്ങളില് വനിതാ ഹോസ്റ്റലുകള്. ഒപ്പം പെരിയ കാമ്പസിനകത്ത് ഇപ്പോള് കബനി എന്ന് പേരിട്ടിരിക്കുന്ന വനിതാ ഹോസ്റ്റലും. ആ വര്ഷം ഒന്നാം വര്ഷ പി.ജി വിദ്യാര്ഥികള് എത്തുന്നതിനു തൊട്ടു മുമ്പായി സര്വകലാശാല ബേര്ക്കയിലുള്ള ഹോസ്റ്റല് അടച്ചുപൂട്ടാന് തീരുമാനിച്ചു. അവിടുത്തെ അന്തേവാസികളെ മാസ്തിഗുഡ് ഹോസ്റ്റെലിലേക്ക് മാറ്റി. അങ്ങനെ മാസ്തിഗുഡിലെ ഹോസ്റ്റെലില് പുതിയ അഡ്മിഷന് എത്തുന്നതിനു മുമ്പേ പരിധിയിലധികം താമസക്കാരായി. പുതുതായി ചേര്ന്ന നിരവധി വിദ്യാര്ഥികള് ഹോസ്റ്റെല് പ്രവേശനം നിഷേധിക്കപ്പെട്ട് പുറത്തു നില്ക്കേണ്ട അവസ്ഥ അങ്ങനെ ഇന്നത്തെ പോലെ അന്നും ഉണ്ടായി. അന്നും ബഹുമാനപ്പെട്ട വൈസ്ചാന്സിലര് ടൂറില് ആയിരുന്നു. മാന്യമായ പഠനാന്തരീക്ഷത്തിനും താമസത്തിനും വേണ്ടി സമരം ചെയ്യാന് വിദ്യാര്ത്ഥിനികള് തീരുമാനിച്ചു. ഞാന് ഉള്പ്പടെയുള്ളവര് സര്വകലാശാലയിലേക്ക് കയറിച്ചെല്ലുന്നത് ഈ ഒരു അന്തരീക്ഷത്തിലാണ്. വിദ്യാനഗര് കാമ്പസിലെ വിദ്യാര്ഥികള് അന്ന് വൈകുന്നേരം ഹോസ്റ്റെലിലേക്ക് പോകാതെ കാമ്പസില് കുത്തിയിരുന്നു. സമരം രാത്രിയിലേക്ക് നീണ്ടിട്ടും സര്വകലാശാലയില് നിന്നും ഉത്തരവാദിത്തപ്പെട്ട ആരും കാര്യം അന്വേഷിച്ച് എത്തിയില്ല. സമരത്തെ അവഗണിച്ച് ഇല്ലാതാക്കാമെന്ന മൂഡധാരണ ഇന്നത്തെ പോലെ അന്നും അവര്ക്ക് ഉണ്ടായിരുന്നു. 

രാത്രി ഞങ്ങളെ തേടി വന്നത് പോലീസ് ആയിരുന്നു. ഈ നേരത്ത് കാമ്പസില് ഇരിക്കാന് ഞങ്ങള്ക്ക് അവകാശം ഇല്ലെന്ന് കാസര്ഗോഡ് സി.ഐ പറഞ്ഞു. ഈ കാമ്പസ് ഞങ്ങള്ക്ക് ഉള്ളതാണ്, ഇവിടേക്ക് ആവശ്യമില്ലാതെ കടന്നുവന്നത് പോലീസ് ആണെന്ന് നിര്ഭയം പറഞ്ഞപ്പോള് അടുത്ത ഘട്ടം ഭീഷണിയുടേതായി. വിദ്യാര്ഥികള് പോലീസിനെ കണ്ടാല് ഭയന്ന് പിന്മാറും എന്ന് അവര് വിചാരിച്ചിരിക്കുന്നു. പക്ഷെ വിജയിക്കുക എന്നത് നിലനില്പ്പിന്റെ ഭാഗമാവുമ്പോള് സര്വകലാശാലയുടെ വിവേകമില്ലാത്ത ഭരണസമിതിക്കോ ഭരണകൂടത്തിന്റെ മര്ദ്ദനോപകരണങ്ങള്ക്കോ നമ്മുടെ ചെറുത്തുനില്പ്പ് അടിച്ചമര്ത്താന് ആവില്ല. ബേര്ക്ക ഹോസ്റ്റെല് വീണ്ടും തുറക്കാം എന്ന് സമ്മതിച്ച ശേഷം മാത്രമാണ് രാത്രി വൈകി ആ സമരം അവസാനിച്ചത്. അങ്ങനെ ആ വര്ഷം ഹോസ്റ്റെല് പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാര്ഥികള്ക്ക് അവിടെ താമസസൗകര്യം ലഭിച്ചു.

വിദ്യാര്ത്ഥി കൌണ്സിലിനു ജനാധിപത്യപരമായ സംവിധാനം ഒരുക്കാത്ത തരത്തിലാണ് 2009ലെ സെണ്ട്രല് യൂണിവേര്സിറ്റി ആക്ട് തയ്യാറാക്കിയിട്ടുള്ളത്.  തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ അത്ര തന്നെ വിസി നാമനിര്ദ്ദേശം ചെയ്യുന്ന അംഗങ്ങളും കൌണ്സിലില് ഉണ്ടായിരിക്കും. റിയാലിറ്റി ഷോ പോലുള്ള അല്ലെങ്കില് ഒരു ഓട്ടമത്സരം പോലുള്ള തെരഞ്ഞെടുപ്പാണ് അവിടെ നടക്കുന്നത്. ഓരോ അംഗത്തിനും അത് വിദ്യാര്ഥികള് വോട്ട് ചെയ്ത് തെരഞ്ഞെടുത്തത് ആകട്ടെ അല്ലെങ്കില് നാമനിര്ദ്ദേശം ചെയ്യപ്പെട്ടതാകട്ടെ ഒരു വോട്ട് എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പില് ചെയ്യാം. അങ്ങനെ ഒന്നാം സ്ഥാനക്കാരനെ അതായത് ഏറ്റവും കൂടുതല് വോട്ട് കിട്ടുന്ന ആളെ പ്രസിഡണ്ട് ആയും രണ്ടാമനെ സെക്രട്ടറി ആയും പ്രഖ്യാപിക്കും. ഈ സവിശേഷമായ ജനാധിപത്യ മാതൃക വിരിഞ്ഞ തലച്ചോറിന് ഒരു വലിയ നമസ്കാരം.

ആ വര്ഷം നടന്ന തെരഞ്ഞെടുപ്പില് ഒരു ഒന്നാം വര്ഷ വിദ്യാര്ത്ഥിയെ പോലും വൈസ്ചാന്സിലര് നാമനിര്ദ്ദേശം ചെയ്തില്ല. കാര്യം അന്വേഷിച്ചപ്പോള് ഒരു ഡിപ്പാര്ട്ട്മെന്റിലെ വിദ്യാര്ഥികള് തങ്ങളില് നിന്നും നോമിനേറ്റ് ചെയ്യപ്പെടുന്നത് രണ്ടാം വര്ഷ വിദ്യാര്ത്ഥി ആകണം എന്ന ആവശ്യവുമായി വിസിയെ സമീപിച്ചെന്നും അതു കൊണ്ട് എല്ലാ ഡിപ്പാര്ട്ട്മെന്റുകളിലും അങ്ങനെ ചെയ്തു എന്നുമായിരുന്നു കിട്ടിയ മറുപടി. ഒരു പൂവ് ചോദിച്ചാല് പൂന്തോട്ടം കൊടുക്കുക എന്ന് പറയുന്നത് ഒരുപക്ഷെ ഇതിനായിരിക്കും. ഒന്നാം വര്ഷ വിദ്യാര്ഥികള് പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും ഫലം ഉണ്ടായില്ല.

ഇങ്ങനെ വിദ്യാര്ത്ഥി കൌണ്സിലില് നിന്നും തഴയപ്പെട്ടു എങ്കിലും അന്ന് തെരഞ്ഞെടുക്കപ്പെട്ട കൌണ്സില് വിദ്യാര്ത്ഥിപക്ഷത്തു നിന്ന് കൊണ്ട് കാര്യങ്ങള് നടത്തിയതിനാല് എല്ലാ പ്രവര്ത്തനങ്ങളിലും  അന്നത്തെ ഒന്നാം വര്ഷക്കാര്ക്ക് അര്ഹമായ പ്രാധിനിത്യം അവരില് നിന്നും ലഭിച്ചിരുന്നു.

വിദ്യാര്ത്ഥി സംഘടനകളുടെ കാര്യം എടുത്ത് നോക്കുകയാണെങ്കില് അംബേദ്കര് സ്റ്റുഡന്റ്സ് അസോസിയേഷന് (ASA) ആണ് സി.യു.കെയില് രൂപീകൃതമായ ആദ്യ വിദ്യാര്ത്ഥി പ്രസ്ഥാനം. ഞങ്ങള് എത്തുന്നതിനു മുമ്പേ തന്നെ ASA ഇവിടെ പ്രവര്ത്തനം ആരംഭിച്ചിരുന്നു. കേരളത്തില് ASA രൂപീകരിക്കപ്പെടുന്ന ആദ്യ കാമ്പസ് ആണ് സി.യു.കെ എന്ന പ്രത്യേകത കൂടി ഉണ്ട്. അതിനു ശേഷം 2015 സെപ്തംബറില് ആണ് ഞങ്ങള് സി.യു.കെയിലെ വിദ്യാര്ത്ഥികളുടെ മാത്രമായ ഒരു സ്വതന്ത്ര വിദ്യാര്ത്ഥി സംഘടന എന്ന ആശയത്തില് പ്രോഗ്രസ്സീവ് സ്റ്റുഡന്റ്സ് അസോസിയേഷന് (PSA) രൂപീകരിക്കുന്നത്. അതിനു ശേഷം നടന്ന യൂനിവേര്സിറ്റി ആര്ട്ട്സ് ഫെസ്റ്റിവലിന്റെ വേളയിലാണ് സര്വകലാശാല അധികാരികളുടെ ഭാഗത്ത് നിന്ന് ഞങ്ങള്ക്ക് നേരെ അടുത്ത ബലപ്രയോഗം ഉണ്ടായത്.

ഒരു കലോത്സവം എന്താണെന്ന സാമാന്യ ബോധമുള്ള ആരും തന്നെ നടന്നു കൊണ്ടിരിക്കുന്ന കലാ പരിപാടികള് ഇടയ്ക്ക് വച്ച് നിര്ത്താന് പറയുകയില്ലല്ലോ. 10 മണിക്ക് ശേഷം പരിപാടി നിര്ത്താന് ആദ്യ ദിവസം ആവശ്യപ്പെട്ടപ്പോള് നടന്നുകൊണ്ടിരിക്കുന്ന പരിപാടി ഒരുകാരണവശാലും നിര്ത്താനാവില്ല എന്ന നിലപാട് വിദ്യാര്ത്ഥി കൌണ്സിലും പ്രോഗ്രാമുമായി ബന്ധപ്പെട്ട വിവിധ കമ്മറ്റികളും എടുത്തു. സമാപന ദിവസം യൂനിവേര്സിറ്റി അധികൃതര് ആരും ഞങ്ങളെ തേടി വന്നില്ല പകരം പോലീസ് എത്തി. 
അവിടെ ആണ് പിന്നീട് ഏറെ ചര്ച്ചയായ ഒക്കുപൈ സി.യു.കെ രാത്രി സമരത്തിന്റെ തുടക്കം. കാമ്പസിന് മേലുള്ള തങ്ങളുടെ അവകാശം സ്ഥാപിച്ചെടുക്കാന് അന്ന് രാത്രി കാമ്പസ് വിട്ടു പോകാതെ അവിടെ ഇരിക്കാന് വിദ്യാര്ഥികള് തീരുമാനിക്കുകയായിരുന്നു. അതിന്റെ പേരില് അധികൃതര് പടച്ചു വിട്ട നുണക്കഥകള് ഇപ്പോഴും കാമ്പസ് പറഞ്ഞു നടക്കുന്നുണ്ടാവുമല്ലോ. 
ലിംഗ സമത്വത്തെകുറിച്ചുള്ള ചര്ച്ചകള്ക്കാണ് ഈ സമരത്തെ തുടര്ന്ന് സര്വകലശാലയുടെ വിഡ്ഢിത്തം നിറഞ്ഞ നടപടി വഴിതെളിച്ചത്. സമരത്തില് പങ്കെടുത്ത പെണ്കുട്ടികളുടെ വീടുകളിലേക്ക് മാത്രമായി പോയ കത്തുകളും ഫോണ്കോളുകളും യൂനിവേര്സിറ്റിയെ ഭരിക്കുന്ന ആണധികാര ബോധത്തിന്റെ വെളിപാടായി.    
      രോഹിത് വെമുലയുടെ ഭരണകൂട കൊലപാതകത്തെ തുടര്ന്ന് ഹൈദരാബാദ് യൂനിവേര്സിറ്റിയില് നിന്ന് ഉയര്ന്നു പൊങ്ങിയ തീപ്പൊരികള് ഇന്ത്യയില് ഒട്ടാകെ കാമ്പസുകളില് നിന്നും കാമ്പസുകളിലേക്ക് പടരുമ്പോള് കേരളത്തിലെ വിപ്ലവ-നൊസ്ടാള്ജിയ കാമ്പസുകള് പോലും ഉറങ്ങിക്കിടക്കുകയായിരുന്നു. അഖിലേന്ത്യാ തലത്തില് വിദ്യാര്ത്ഥി സംഘടനകളുടെ ജോയിന്റ് ആക്ഷന് കൌണ്സില് ഉണ്ടാക്കി എടുത്ത സമര പ്രഖ്യാപനത്തെ കേവല രാഷ്ട്രീയ ചേരിതിരിവിന്റെ പേരില് കേരളത്തിലെ വിദ്യാര്ത്ഥി സംഘടനകള് ഒറ്റു കൊടുത്തപ്പോള് രോഹിത്തിനു വേണ്ടി ക്ലാസ് മുറികള് ബഹിഷ്കരിച്ച് ഇറങ്ങിയ കേരളത്തിലെ അപൂര്വ്വം കാമ്പസുകളില് ഒന്ന് സി.യു.കെ ആയിരുന്നു.
അന്ന് രൂപീകരിച്ച ജോയിന്റ് ആക്ഷന് കൌണ്സില്  സി.യു.കെ യിലെ വിദ്യാര്ത്ഥി മുന്നേറ്റങ്ങളുടെ നായക സ്ഥാനത്ത് വരുന്ന കാഴ്ചയാണ്  പിന്നീട് കണ്ടത്. 2016 ഫെബ്രവരിയില് ഹോസ്റ്റല് ഫീസ് കുറയ്ക്കുക, സ്കോളര്ഷിപ്പുകള് നിര്ത്തലാക്കാനുള്ള തീരുമാനം പിന്വലിക്കുക, ലിംഗ വിവേചനം അടക്കം നിരവധി ആരോപണങ്ങള്ക്ക് വിധേയനായ അന്നത്തെ രെജിസ്ട്രാറുടെ രാജി തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ച് ജോയിന്റ് കൌണ്സില് വൈസ്ചാന്സിലറെ കാണുകയുണ്ടായി. ഞാനും അക്കൂട്ടത്തില് ഉണ്ടായിരുന്നു. എന്നാല് ആവശ്യങ്ങളെ അനുഭാവപൂര്വ്വം പരിഗണിക്കാതെ പതിവ് പല്ലവികള് മാത്രം കേട്ടപ്പോള് ചര്ച്ച മതിയാക്കി ഞങ്ങള് ഇറങ്ങി വന്നു. വിദ്യാര്ഥികള് സമരം അല്ലാതെ മറ്റ് മാര്ഗങ്ങളില്ല എന്ന് മനസ്സിലാക്കി.
20/2/2016 ന് യൂനിവേര്സിറ്റിയുടെ കാസര്ഗോഡ് ജില്ലയിലെ മൂന്ന് കാമ്പസുകളിലും വിദ്യാര്ഥികള് ക്ലാസ് ബഹിഷ്കരിച്ച് പെരിയയിലെ Administration ബ്ലോക്കിന് മുന്നില് ഒത്തുകൂടി. പോലീസിനെ ഉപയോഗിച്ചു കൊണ്ടായിരുന്നു ഈ സമരത്തെയും നേരിടാന് യൂനിവേര്സിറ്റി തീരുമാനിച്ചത്. സമരം തുടങ്ങുന്നതിനു മുമ്പേ ഒരു ബസ് സഹിതം പോലീസ് കാമ്പസില് സന്നിഹിതരായിരുന്നു. ആവശ്യങ്ങള് അംഗീകരിച്ചു നല്കാന് കൂട്ടാക്കാഞ്ഞ അധികൃതരുടെ നടപടി സമരം രണ്ടാം ദിവസത്തിലേക്ക് നീളാന് കാരണമായി. ഇന്നത്തെ പോലെ അന്നും യൂനിവേര്സിറ്റിക്ക് അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിക്കപ്പെട്ടു. സര്വകലാശാല അടച്ചിട്ടാല് സമരം തീരും എന്നൊരു മൂഡ ധാരണ അവരെ എല്ലാ കാലത്തും ഭരിക്കുന്നുണ്ടെന്നു തോന്നുന്നു. മൂന്നാം ദിവസം വിദ്യാര്ഥികള് രജിസ്ട്രാറുടെ ഓഫീസ് ഉപരോധിച്ചു. പോലീസ് എത്തി നൂറോളം വിദ്യാര്ത്ഥികളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. എന്നിട്ടും കീഴടങ്ങാന് കൂട്ടാക്കാതെ ആ പരീക്ഷാകാലത്ത് പൊരുതിയ എന്റെ കൂട്ടുകാരുടെ സമരവീര്യം എങ്ങനെ മറക്കാനാണ്.. വിസിക്ക് വഴങ്ങേണ്ടി വന്നു നമ്മുടെ ആവശ്യങ്ങള്ക്ക് മുമ്പില്. അങ്ങനെ ഹോസ്റ്റല് ഫീസ് വെട്ടിക്കുറച്ചു, അന്നത്തെ രജിസ്ട്രാര് രാജി വച്ചു. സ്കോളര്ഷിപ്പിന്റെ കാര്യത്തിലാണ് നമ്മുടെ ആവശ്യം നിറവേറാതെ പോയത്. അതിനായുള്ള ശബ്ദങ്ങള് ഇനിയും ഉയരേണ്ടി ഇരിക്കുന്നു.
നമ്മുക്ക് എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ട കെ.കെയെ   ഇത് പറയുമ്പോള് എങ്ങനെ മറക്കാനാണ്. സി യു കെയിലെ പുതിയ തലമുറയും അറിയണം. അരുണ് കുമാര് എന്നൊരു ഗവേഷണ വിദ്യാര്ത്ഥി ഉണ്ടായിരുന്നു എന്നും അയാള് ഞങ്ങളുടെ സമരങ്ങളെ ജോയിന്റ് ആക്ഷന് കൌണ്സിലിന്റെ സെക്രട്ടറിയായി കൊണ്ട് ആര്ക്കു മുന്നിലും അടിയറവ് വയ്ക്കാതെ നയിച്ചു എന്നും അകാലത്തില് ഒരു അവധിക്കാലത്ത് നമ്മളെ വിട്ടു പോയി എന്നും.  ഓരോ തവണ അതില് പിന്നെ സി.യു.കെയിലെ വിദ്യാര്ഥികള് അവകാശ സമരങ്ങള്ക്ക് ഇറങ്ങുമ്പോഴും ഞാന് കെ.കെയെ ഓര്ക്കാറുണ്ട്. കെ.കെ ഉണ്ടായിരുന്നെങ്കിലെന്ന്. ഇന്ന് നടക്കുന്ന സമരം കാണുമ്പോഴും ഞാന് ഓര്ക്കുന്നത് മറ്റൊന്നല്ല. പ്രിയപ്പെട്ട കെ.കെ, നമ്മള് കണ്ട സ്വപ്നങ്ങള് ഒരിക്കലും പാഴായി പോയിട്ടില്ലെന്നതിനു തെളിവാണല്ലോ ഇത്.

ഇപ്പോഴും അറിഞ്ഞു ഒരു വാര്ത്ത, സി.യു.കെയിലെ സമരത്തില് തീവ്രവാദ ശക്തികള് എന്ന് ജന്മഭൂമി. ഇടത് തീവ്രവാദ സംഘടന സമരം നിയന്ത്രിക്കാന് ശ്രമിക്കുന്നു എന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിക്ക് കത്തയച്ച് യുവമോര്ച്ചയുടെ സംസ്ഥാന സെക്രട്ടറി. സിയുകെയിലെ വിദ്യാര്ത്ഥികളെ തീവ്രവാദികള് ആക്കാന് അന്നും ശ്രമിച്ചതാണല്ലോ പുതുതായി തിരക്കഥകള് ഒന്നും നിങ്ങളുടെ  കയ്യില് ഇല്ലേ?

തീവ്രവാദത്തിന്റെ പേര് പറഞ്ഞു വിദ്യാര്ത്ഥികളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന് ഏതെങ്കിലും തലച്ചോര് കരുതുന്നുണ്ടെങ്കില് "പുച്ഛം" അല്ലാതെ ഒന്നും പറയാനില്ല. സിയുകെയിലെ വിദ്യാര്ഥികളെ നിങ്ങള്ക്ക് മനസ്സിലായിട്ടില്ല.

എൻബി: അപൂർണ്ണമാണ്‌ ഈ ലിസ്റ്റ്‌. സി.യു.കെ യിലെ വിദ്യാർത്ഥികൾ ചെറുതും വലുതുമായ ആവശ്യങ്ങൾക്കായി നടത്തിയ സമരങ്ങളുടെ കണക്കു പുസ്തകം അനന്തമായി നീണ്ടുപോകും. അവയിൽ ചിലത്‌ ഓർമ്മയിൽ നിന്നും കൂട്ടി വച്ചു എന്നുമാത്രം. കാരണം പൊരുതി നേടിയതല്ലാത്ത ഒരു അവകാശവും അവർ നമുക്ക്‌ തന്നിട്ടില്ല. ഇനിയും ഒരുപാടുണ്ട്‌ നേടാൻ. ആണധികാരത്തിന്റെ വല്യപ്പന്മാരിൽ നിന്നും പിടിച്ചെടുക്കാനുണ്ട്‌ നമുക്ക്‌ നമ്മുടെ കാമ്പസ്‌. സമരങ്ങളുടെ തുടർച്ചയ്ക്ക്‌ ആശംസകളോടെ ഇപ്പൊൾ നിർത്തട്ടെ.

 


Loading...